ഐപിഎല്‍ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്രധാന സ്പിന്നര്‍മാരില്‍ ഒരാളാണ് സുയാഷ് ശര്‍മ്മ. ലെഗ് സ്പിന്നറായ താരം നിര്‍ണായക സമയത്ത് ആര്‍സിബിക്കായി ശ്രദ്ധേയ പ്രകടനം നടത്താറുണ്ട്. രണ്ട് വര്‍ഷം മുന്‍പ് കുത്തിവയ്പ്പ് എടുത്തതിന് ശേഷമായിരുന്നു മത്സരങ്ങള്‍ക്ക് ഇറങ്ങിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുയാഷ്. ഈ സമയത്ത് ചികിത്സയ്ക്കായി തന്നെ ടീം മാനേജ്‌മെന്റ് വിദേശത്തേക്ക് അയച്ചിരുന്നുവെന്നും താരം പറയുന്നു.
“രണ്ട് വര്‍ഷമായി ഇത് തുടരുകയായിരുന്നു ഞാന്‍. കുത്തിവയ്പ്പുകള്‍ എടുത്ത ശേഷമായിരുന്നു കളിക്കാറുണ്ടായിരുന്നത്. എന്ത് പ്രശ്‌നമാണെന്ന് ഇന്ത്യയില്‍വച്ച് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ആര്‍സിബി മാനേജ്‌മെന്റ് ശസ്ത്രക്രിയയ്ക്കായി എന്നെ ലണ്ടനിലേക്ക് അയച്ചു. അവിടെ വെച്ച് ഞാന്‍ ആര്‍സിബി ഫിസിയോ ജെയിംസ് പൈപ്പിനെ കണ്ടുമുട്ടി. അദ്ദേഹവും കുടുംബവും എന്നെ ഒരു കുടുംബാംഗത്തെ പോലെയാണ് പരിഗണിച്ചത്. എനിക്ക് മൂന്ന് ഹെര്‍ണിയകള്‍ ഉണ്ടായിരുന്നു, സുയാഷ് വെളിപ്പെടുത്തി.
‘ഈ സീസണില്‍ ആദ്യ മത്സരം കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. 3, 4 മത്സരങ്ങള്‍ക്ക് ശേഷം കളിക്കാനാകുമെന്ന് എന്നോട് പറഞ്ഞിരുന്നു, കാരണം അതൊരു വലിയ ശസ്ത്രക്രിയയായിരുന്നു. പക്ഷേ അദ്ദേഹം എന്നെ പരിപാലിച്ച രീതി, ഈ ഫ്രാഞ്ചൈസിയില്‍ വന്നതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഫിറ്റാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഇതിലൂടെ കടന്നുപോകുകയായിരുന്നു, വേദനയോടെ കളിക്കാന്‍ ഞാന്‍ ശീലിച്ചു, സുയാഷ് കൂട്ടിച്ചേര്‍ത്തു.