IPL 2025: ബിസിസിഐ കരിയര്‍ ഇല്ലാതാക്കിയ താരമാണ് അവന്‍, എന്നിട്ടും ഒരു ആവശ്യം വന്നപ്പോള്‍ അവനേയുണ്ടായുളളൂ, സൂപ്പര്‍ താരത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

ചെന്നൈക്കെതിരെ പഞ്ചാബ് കിങ്‌സ് വിജയിച്ചതില്‍ യുസവേന്ദ്ര ചഹലിന്റെ നാല് വിക്കറ്റ് പ്രകടനം നിര്‍ണായക പങ്കായിരുന്നു വഹിച്ചത്. 19ാം ഓവറില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പുറത്താക്കിയാണ് ചഹല്‍ തുടങ്ങിയത്. തുടര്‍ന്ന് ദീപക് ഹുഡ, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ് തുടങ്ങിയവരും ചഹലിന്റെ ഇരകളായി പവലിയനിലേക്ക് മടങ്ങി. അവസാന ഓവറുകളില്‍ സ്‌കോര്‍ ബോര്‍ഡ് 200 കടത്താനുളള ചെന്നൈയുടെ ശ്രമങ്ങളാണ് തന്റെ അതിഗംഭീര ബോളിങ്ങിലൂടെ ചഹല്‍ ഇല്ലാതാക്കിയത്. മൂന്ന് ഓവറുകള്‍ ഏറിഞ്ഞ ചഹല്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് പേരെ പുറത്താക്കിയത്.

മത്സരത്തിന് പിന്നാലെ ചഹലിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ പോലുമില്ലാത്ത ചഹല്‍ പഞ്ചാബിന് വേണ്ടി നടത്തിയ പ്രകടനത്തെ പ്രശംസിച്ചാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര എത്തിയത്‌. 18 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ ലേലത്തില്‍ ചഹലിനെ പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചത്.

“ഒരു ലെഗ് സ്പിന്നര്‍ ക്യാപ്റ്റന്റെ ബൗളറാണെന്ന് പൊതുവെ പറയാറുണ്ട്. യൂസി ചഹല്‍ തന്റെ രണ്ടാമത്തെ ഹാട്രിക് നേടി, അത് അസാധാരണമാണ്. അദ്ദേഹം തന്റെ നാല് ഓവര്‍ തികച്ച് എറിഞ്ഞിട്ടുണ്ടായിരുന്നില്ല. മൂന്ന് ഓവര്‍ മാത്രമേ എറിഞ്ഞുള്ളൂ. അദ്ദേഹം പന്തെറിയാന്‍ വന്നപ്പോള്‍, ഒരു അധിക ഫീല്‍ഡര്‍ സര്‍ക്കിളിനുള്ളില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഒരു വലിയ ഗ്രൗണ്ടില്‍ പതുക്കെ പന്തെറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്‍പ്പം ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് ചാഹല്‍ കാണിച്ചു”.

“ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് ഇടം ലഭിക്കുന്നില്ല. ബിസിസിഐയുടെ ഒരു സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് പോലും ഇല്ലാത്ത കളിക്കാരനാണ് അദ്ദേഹം. എന്നിരുന്നാലും, പഞ്ചാബ് അവസരം കൊടുക്കുകയും അദ്ദേഹം അത് ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ അദ്ദേഹത്തെക്കാള്‍ കൂടുതല്‍ തവണ മറ്റാരും ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയിട്ടില്ല”, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Read more