ടീം ഇന്ത്യയ്ക്ക് വന്‍ പണികൊടുത്ത് രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി രണ്ടാം വട്ടവും ചുമതലയേറ്റതിന് പിന്നാലെ നിര്‍ണ്ണായക മാറ്റത്തിന് ഒരുങ്ങി ടീം മാനേജുമെന്റ്. ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് പരീക്ഷയായ യോ-യോ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് രവി ശാസ്ത്രി വലിയ മാറ്റം കൊണ്ട് വരാനൊരുങ്ങുന്നത്. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കണമെങ്കില്‍ ഫിറ്റ്‌നസ് പരീക്ഷയായ യോ-യോ ടെസ്റ്റില്‍ വിജയിക്കേണ്ടത് താരങ്ങള്‍ക്ക് അനിവാര്യമാണ്. നിലവില്‍ 16.1 മാര്‍ക്കാണ് യോ-യോ ടെസ്റ്റില്‍ ജയിക്കാന്‍ താരങ്ങള്‍ നേടേണ്ടത്. ഇത് 17 മാര്‍ക്കായി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ശാസ്ത്രിയും സംഘവും.

ഈ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആരംഭിക്കാനിരിക്കുന്ന പരമ്പര മുതല്‍ ഇന്ത്യന്‍ ടീമില്‍ ശാസ്ത്രി ഈ മാറ്റം കൊണ്ട് വരുമെന്നാണ് സൂചന. ഇതോടെ ഫിറ്റല്ലാത്ത താരങ്ങള്‍ക്ക് ടീം ഇന്ത്യയില്‍ തുടരാന്‍ കഴിയാതെ വരും.

കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി വീണ്ടും രവി ശാസ്ത്രിയെ ബിസിസിഐ നിയമിച്ചത്. മൈക്ക്ഹെസണ്‍, ടോം മൂഡി തുടങ്ങിയ സ്റ്റാര്‍ പരിശീലകരെ മറികടന്നായിരുന്നു ശാസ്ത്രി വീണ്ടും ഇന്ത്യന്‍ പരിശീലകനായത്. കപില്‍ദേവ് തലവനായ ക്രിക്കറ്റ് അഡ് വൈസറി കമ്മറ്റി യായിരുന്നു അഭിമുഖത്തിന് ശേഷം ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനായി വീണ്ടും തിരഞ്ഞെടുത്തത്.

രവി ശാസ്ത്രി മുഖ്യ പരിശീലകനായി വീണ്ടും നിയമിതനായതിന് പിന്നാലെ ടീമിന്റെ ബോളിംഗ് പരിശീലകനായിരുന്ന ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകനായിരുന്ന ആര്‍ ശ്രീധര്‍ എന്നിവരേയും ബിസിസിഐ ആ സ്ഥാനങ്ങളില്‍ നിലനിര്‍ത്തി. ഒപ്പംബാറ്റിംഗ് പരിശീലകനായി വിക്രം റാത്തോറിനേയും നിയമിച്ചു.