നാലാം നമ്പറില്‍ പുതിയ താരത്തെ പ്രഖ്യാപിച്ച് ശാസ്ത്രി, പന്ത് പുറത്ത്

ഇന്ത്യന്‍ ടീമിനെ പിടിച്ച് കുലുക്കുന്ന നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ തലവേദനയ്ക്ക് പരിഹാരവുമായി പരിശീലകന്‍ രവി ശാസ്ത്രി. പുതിയ താരത്തെ നാലാം നമ്പറിലേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യര്‍ ആയിരിക്കും ഇനി മുതല്‍ നാലാം നമ്പറില്‍ കളിക്കാനിറങ്ങുക.

കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങള്‍ ഈ സ്ഥാനത്തേക്ക് ഒരു കളിക്കാരനെ തിരയുകയാണെന്നും ശ്രേയസ് അയ്യര്‍ ഈ സ്ഥാനത്ത് അനുയോജ്യനാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി വ്യക്തമാക്കി.

സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശേണ്ടതെങ്ങിനെയെന്ന് ശ്രേയസ് പഠിച്ചുവെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. മത്സരഫലം മാറ്റിമറിക്കാവുന്ന താരമാണ് ശ്രേയസ്. വ്യത്യസ്ത ബാറ്റിംഗ് പൊസിഷനുകളില്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യുന്നവരെയാണ് ടീമിന് ആവശ്യം. വരുംമത്സരങ്ങളില്‍ കൂടുതല്‍ യുവതാരങ്ങളെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ പരീക്ഷിക്കുമെന്നും ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യുവതാരങ്ങള്‍ക്ക് കഴിയുമെന്നും ശാസ്ത്രി വിലയിരുത്തി.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ റിഷഭ് പന്ത് ആയിരുന്നു നാലാം നമ്പറില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ താരം പരാജയപ്പെട്ടു. പകരം ടി20 പരമ്പരയില്‍ അഞ്ചാം സ്ഥാനത്ത് കളിച്ച പന്ത് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.