ദ്രാവിഡിന്റെ സേവനം ടി20യില്‍ വേണ്ട; പരിശീലകരായി രണ്ട് സൂപ്പര്‍ താരങ്ങളെ നിര്‍ദ്ദേശിച്ച് ഹര്‍ഭജന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ടി20 ഫോര്‍മാറ്റിന് മാത്രമായി ഒരു പരിശീലകന്‍ വേണമെന്ന് ആവശ്യവുമായി മുന്‍താരം ഹര്‍ഭജന്‍ സിംഗ്. ടി20യ്ക്ക് മാത്രമായി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയതുപോലെ ടി20 ശൈലി മനസിലാക്കാന്‍ കഴിവുള്ള ഒരു പരിശീലകനെയും നിയമിക്കണമെന്ന ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ടീമിന് നിലവില്‍ രണ്ടു ക്യാപ്റ്റന്‍മാരുണ്ട്. സമാനമായ രീതിയില്‍ രണ്ടു പരിശീലകരുമാകാം. എന്തുകൊണ്ട് അത്തരമൊരു പരീക്ഷണം നടത്തിക്കൂടാ? ടി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാകണം പരിശീലകന്‍.

ഇംഗ്ലണ്ടില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ റോള്‍ ഇതിന് ഉദാഹരണമാണ്. ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കിരീടം നേടുമ്പോള്‍ പരിശീലകനായിരുന്ന ആശിഷ് നെഹ്‌റയേയോ വീരേന്ദര്‍ സേവാഗിനെയോ പരിഗണിക്കാം.

ടി20 ഫോര്‍മാറ്റിനെ നന്നായി മനസ്സിലാക്കുന്ന, ആ ഫോര്‍മാറ്റ് ആവശ്യപ്പെടുന്ന കാര്യങ്ങളെന്തൊക്കെയെന്ന് അറിയാവുന്ന ഒരാളെ വേണം പരിശീലകനാക്കാന്‍. ടി20 ഫോര്‍മാറ്റിലാകണം ഈ പരിശീലകന്റെ പൂര്‍ണ ശ്രദ്ധ.

ഉദാഹരണത്തിന് ആശിഷ് നെഹ്‌റയാണ് ടി20 ടീമിന്റെ പരിശീലകന്‍ എന്ന് കരുതുക. ഇന്ത്യയെ ടി20 ചാംപ്യന്‍മാരാക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് പൂര്‍ണബോധ്യം അദ്ദേഹത്തിനുണ്ടാകും- ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.