കളിക്കളത്തില്‍ മുഷ്ഫിഖായി, നാണംകെട്ട് അശ്വിന്‍

സൂററ്റ്: ടി20യുടെ സൗന്ദര്യം എല്ലാം നിറഞ്ഞതായിരുന്നു സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനല്‍ മത്സരം. വിജയം ഇരുപക്ഷത്തേയ്ക്കും മാറിമറിഞ്ഞ മത്സരത്തില്‍ ഒരു റണ്ണിന്  തമിഴ്‌നാടിനെ കര്‍ണാടക തോല്‍പിയ്ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ തമിഴ്നാടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനാണ് സാധിച്ചത്.

മത്സരത്തില്‍ തോറ്റെങ്കിലും ശ്രദ്ധേയനായത് തമിഴ്‌നാടിനായി കളിച്ച ഇന്ത്യന്‍ താരം ആര്‍ അശ്വിനായിരുന്നു. മികച്ച പ്രകടനം കാഴ്ച്ച വെച്ച അശ്വിന്‍ അവസാന ഓവറില്‍ ജയിക്കും മുമ്പേ ആഹ്ലാദ പ്രകടനം നടത്തി നാണക്കേടിലാകുകയും ചെയ്തു.

അവസാന ഓവറില്‍ തമിഴ്നാടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു. കൃഷ്ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും അശ്വിന്‍ ബൗണ്ടറി പായിച്ചു. ഇതോടെ വിജയിച്ചെന്ന മട്ടില്‍ അശ്വിന്‍ മുഷ്ടി ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍ പിന്നീടുള്ള നാല് പന്തില്‍ അഞ്ച് റണ്‍സ് സ്വന്തമാക്കാന്‍ തമിഴ്നാട് താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ഇന്ത്യന്‍ താരം നാണക്കേടില്‍ അകപ്പെട്ടു.

Read more

ഇതോടെ അശ്വിനെ ക്രിക്കറ്റ് ലോകം മുഷ്ഫിഖറിനോട് ഉപമിക്കുകയായിരുന്നു. 2016 ലോക ടി20യില്‍ ഇന്ത്യക്കെതിരെ ഇത്തരത്തില്‍ ആഘോഷം നടത്തിയിരുന്നു. അന്ന് 11 റണ്‍സാണ് അവസാന ഓവറില്‍ വേണ്ടിയിരുന്നത്. ഓവറില്‍ രണ്ട് ബൗണ്ടറി നേടിയതോടെ മുഷ്ഫിഖര്‍ ആഘോഷം തുടങ്ങി. എന്നാല്‍ വിജയം ഇന്ത്യക്കായിരുന്നു.