'ഞാന്‍ ഡ്രെസ്സിംഗ് റൂമില്‍ ഇരുന്ന് കരയുവാന്‍ തുടങ്ങി, അപ്പോള്‍ രോഹിത്തും രാഹുല്‍ ഭായിയും കേറി വന്നു..'; താന്‍ തകര്‍ന്നുപോയ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തി അശ്വിന്‍

ഇംഗ്ലണ്ടിനെ 4-1ന് തോല്‍പ്പിച്ച് അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ആവേശകരമായാണ് സ്വന്തമാക്കിയത്. ധര്‍മ്മശാലയില്‍ നടന്ന അവസാനത്തേയും അഞ്ചാമത്തെയും ടെസ്റ്റ്, രവിചന്ദ്രന്‍ അശ്വിന്റെ ഇന്ത്യയ്ക്കായുള്ള 100-ാം ടെസ്റ്റ് മത്സരമായിരുന്നു. മാത്രമല്ല പരമ്പരയില്‍ ഇന്ത്യന്‍ ഓഫ് സ്പിന്‍ മാന്ത്രികന്‍ 500 വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു. എന്നിരുന്നാലും, ഒരു ഘട്ടത്തില്‍, അമ്മയ്ക്ക് ഗുരുതരമായ അസുഖം ബാധിച്ചതിനാല്‍ അശ്വിന് പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടതായിവന്നു.

രാജ്കോട്ട് ടെസ്റ്റിനിടെയാണ് അശ്വിന്റെ അമ്മ അസുഖബാധിതയായി ആശുപത്രിയിലാകുന്നത്. ചെന്നൈയിലേക്ക് ഉടന്‍ പുറപ്പെടാനുള്ള എല്ലാ സാധ്യതകളും അദ്ദേഹം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനുശേഷം, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കാര്യം തിരക്കുകയും തനിക്ക് വേണ്ട പിന്തുണയും സഹായവും ചെയ്തു തന്നെന്നും അശ്വിന്‍ വെളിപ്പെടുത്തി.

കരിയറിലെ 500-ാം വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഞാന്‍ വീട്ടില്‍ നിന്നും ഫോണ്‍ കോള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കോള്‍ വരാത്തതിനാല്‍ ഞാന്‍ വീട്ടിലേക്ക് വിളിച്ചു. ആരും എടുക്കാതിരുന്നപ്പോള്‍ അവര്‍ ഏതെങ്കിലും ചാനലിനോട് പ്രതികരിക്കുകയാണെന്ന് ഞാന്‍ കരുതി. പിന്നാലെ ഭാര്യയുടെ സന്ദേശം ലഭിച്ചു. അമ്മ തലവേദനയെ തുടര്‍ന്ന് ആശുപത്രിയിലായെന്ന് പറഞ്ഞു. ഇതോടെ ഞാന്‍ ഡ്രെസ്സിംഗ് റൂമില്‍ ഇരുന്ന് കരയുവാന്‍ തുടങ്ങി.

ഞാന്‍ ഒരു ഫ്‌ലൈറ്റിനായി തിരയുകയായിരുന്നു, പക്ഷേ എനിക്ക് അത് ലഭിച്ചില്ല. കാരണം 6 മണിക്ക് ശേഷം രാജ്കോട്ട് വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ ഇല്ല. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. രോഹിതും രാഹുല്‍ ഭായിയും എന്റെ മുറിയിലേക്ക് വന്നു. രോഹിത് എന്നോട് ചിന്തിക്കുന്നത് നിര്‍ത്തി കുടുംബത്തോടൊപ്പം അവിടെയിരിക്കാന്‍ ആവശ്യപ്പെട്ടു. എനിക്കായി ഒരു ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഏര്‍പ്പാട് ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു. അവന്‍ രണ്ട് മണിക്കൂറിനുള്ളില്‍ പൂജാര തനിക്ക് ചാര്‍ട്ടേട് വിമാനം തയ്യാറാക്കി നല്‍കി.

ടീം ഫിസിയോ ആയ കമലേഷ് എന്റെ വളരെ നല്ല സുഹൃത്താണ്. രോഹിത് അവനോട് ചെന്നൈയിലേക്ക് എന്റെ കൂടെ പോകാന്‍ പറഞ്ഞു. പക്ഷേ ഞാന്‍ അവനെ തിരികെ വിട്ടു. ഞാന്‍ ഇറങ്ങിയപ്പോള്‍ സെക്യൂരിറ്റിയും കമലേഷും അവിടെ കാത്തുനിന്നിരുന്നു. എയര്‍പോര്‍ട്ടിലേക്കുള്ള ഞങ്ങളുടെ യാത്രാമധ്യേ, കമലേഷിന് രോഹിതില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു. എന്നെ നേക്കുകയും ഈ ദുഷ്‌കരമായ സമയത്ത് എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് അക്ഷരാര്‍ത്ഥത്തില്‍ അവനോട് ആവശ്യപ്പെട്ടു. സമയം രാത്രി 9:30 ആയിരുന്നു. ഞാന്‍ ആകെ പരിഭ്രാന്തനായിരുന്നു.

രോഹിത് ശര്‍മ്മയുടെ നല്ല മനസാണ് ഇത്രയും കാര്യങ്ങള്‍ക്ക് കാരണമായത്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ നായകനാണ് രോഹിത്. എന്നിട്ടും രോഹിതിന് ഒരു താരത്തിന്റെ തലക്കനമില്ല. ആ നല്ല മനസിന് ഇനിയും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ഞാന്‍ രോഹിതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു- രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു.