ഇത്തവണ ഇന്ത്യ ലോക കപ്പ് നേടുമോ?; കണക്കുകള്‍ നിരത്തി അശ്വിന്റെ പ്രവചനം

ഈ വര്‍ഷം വരാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട സാധ്യത വിലയിരുത്തി സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍. അശ്വിന്‍. നാട്ടില്‍വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ടെന്നും അത് പ്രയോജനപ്പെടുത്താനായാല്‍ കിരീടം ചൂടാനാകുമെന്നും കണക്കുകള്‍ നിരത്തി അശ്വിന്‍ പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ നാട്ടില്‍ കളിച്ച 18 ഏകദിനത്തില്‍ 14ലും ജയിച്ചു. അതായത് 78-80 ശതമാനമാണ് വിജയം നേടിയത്. ഈ 18 മത്സരങ്ങളും ഇന്ത്യയിലെ വ്യത്യസ്ത സ്റ്റേഡിയങ്ങളിലായാണ് നടന്നത്.

ഇന്ത്യ തോറ്റ നാല് മത്സരങ്ങള്‍ ചെന്നൈ, മുംബൈ, പൂനെ, ലഖ്നൗ എന്നിവടങ്ങളിലായിരുന്നു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും പ്രതിരോധിച്ച് നിര്‍ത്താനാവാതെയാണ് തോറ്റത്- അശ്വിന്‍ പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ നാട്ടിലെ ഏകദിന റെക്കോഡുകള്‍ വളരെ മികച്ചതാണ്. ഇന്ത്യയിലേക്കെത്തിയ ടീമുകള്‍ക്കെതിരെയെല്ലാം പരമ്പര നേടാന്‍ ഇന്ത്യക്കായി. വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരെയെല്ലാം തോല്‍പ്പിച്ചു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ലീഡ് എടുത്തിട്ടുണ്ട്. ശക്തരായ കിവീസിനെതിരെയും പരമ്പര നേടാനായാല്‍ അത് ഇന്ത്യയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.