കമ്മിന്‍സ് ഉടന്‍ മടങ്ങി വരുന്നില്ല; മൂന്നാം ടെസ്റ്റില്‍ ഓസീസിനെ നയിക്കാന്‍ സൂപ്പര്‍ താരം

ഇന്ത്യ പര്യടനത്തില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചടികള്‍ തുടരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ഇന്‍ഡോറില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റ് നഷ്ടമാകും. അതിനാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും.

അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കമ്മിന്‍സ് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ഏകദിന പരമ്പരക്കായി കമ്മിന്‍സ് മടങ്ങിയെത്തും. ഡേവിഡ് വാര്‍ണര്‍ ഇതിനകം തന്നെ പരിക്ക് കാരണം പരമ്പരയില്‍നിന്ന് പുറത്തായിരുന്നു. വാര്‍ണറും ഏകദിന പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് അറിയുന്നത്. ഇരുവരും ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഓസീസ് നിരയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ ഏഗര്‍, പേസര്‍ ജോഷ് ഹേസല്‍വുഡ്, സ്പിന്നര്‍ മൈക്കല്‍ സ്വെപ്‌സണ്‍ എന്നിവര്‍ നാട്ടിലേക്കു തിരികെ പോയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ടിയാണ് ഏഗര്‍ തിരികെ പോയത്. സ്വെപ്‌സണ്‍ ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നും മടങ്ങുകയായിരുന്നു. വാര്‍ണറും ഹേസല്‍വുഡും പരിക്കിന്റെ പിടിയിലാണ്.

ഇവര്‍ക്ക് പുറമേ സീം ബോളിംഗ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, ഈ പരമ്പരയിലൂടെ ടെസ്റ്റില്‍ അരങ്ങേറിയ സ്പിന്നര്‍ ടോഡ് മര്‍ഫി, പ്രമുഖ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരും പരിക്കിന്റെ പിടിയിലാണ്. പേശീവലിവാണ് മര്‍ഫിയെ വലയ്ക്കുന്നത്. മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.