അശ്വിനെ നോക്കി വിരട്ടി പരാഗ്, പ്രശംസിച്ച് മുംബൈ ഇന്ത്യന്‍സ് താരം

ഗുജറാത്തിനെതിരായ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്റെ സീനിയര്‍ താരം ആര്‍ അശ്വിനെതിരായ യുവതാരം റിയാന്‍ പരാഗിന്റെ മോശം പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പരാഗ് അശ്വിനോട് മാപ്പ് പറയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാലിപ്പോഴിത പരാഗിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്.

‘കളിക്കളത്തിലെ അത്ഭുതകരമായ മനോഭാവം എന്നാണ്’ റിയാന്‍ പരാഗ് എന്ന ഹാഷ്ടാഗോടെ സൂര്യകുമാര്‍ ട്വീറ്റ് ചെയ്തത്. രാജസ്ഥാന്‍ ഇന്നിംഗ്സിന്റെ അവസാന ഓവറിലെ അവസാന ഡെലിവറിയിലാണ് അശ്വിനും പരാഗും തമ്മില്‍ ആശയക്കുഴപ്പമുണ്ടായത്.

ബട്ട്ലര്‍ നോബോളില്‍ റണ്‍ഔട്ട് ആയതിന് പിന്നാലെ അശ്വിന്‍ ക്രീസിലേക്ക് എത്തി. ഫ്രീ ഹിറ്റ് ബോള്‍ നേരിട്ടത് അശ്വിന്‍ ആയിരുന്നു. എന്നാല്‍ വൈഡാണ് യഷ് ദയാലില്‍ നിന്ന് വന്നത്.

ഈ സമയം പരാഗ് സിംഗിളിനായി ഓടി. എന്നാല്‍ അശ്വിന്‍ ക്രീസ് വിട്ടില്ല. ഇതോടെ പരാഗ് റണ്‍ഔട്ടായി. റണ്‍ഔട്ട് ആയതിന് പിന്നാലെ അശ്വിനെ പരാഗ് രൂക്ഷമായി നോക്കി നിന്ന ശേഷമാണ് പരാഗ് പവലിയനിലേക്ക് നടന്നത്.

സീനിയര്‍ താരത്തിന് എതിരെ ഈ വിധം പെരുമാറുന്നത് ശരിയല്ല എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് യുവതാരത്തിന്റെ ഈ ചിന്താഗതിയെ പിന്തുണച്ച് സൂര്യകുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. സൂര്യകുമാര്‍ ട്വീറ്റ് പിന്‍വലിക്കണം എന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.