ഏകദിന ലോകകപ്പ്: കോഹ്‌ലി സ്വാര്‍ത്ഥന്‍, രോഹിത്തിനെ കണ്ടു പഠിക്കണം; വിമര്‍ശിച്ച് പാക് താരം

ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ സെഞ്ച്വറിയോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. മത്സരത്തില്‍ 121 പന്തുകള്‍ നേരിട്ട കോഹ്ലി 10 ബൗണ്ടറികളുടെ അകമ്പടിയില്‍ 101 റണ്‍സാണ് നേടിയത്. എന്നാല്‍ സെഞ്ച്വറി തികയ്ക്കാനായി കോഹ്‌ലി ധാരാളം പന്തുകള്‍ പാഴാക്കിയതായി വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കോഹ് ലിയെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹാഫിസ്.

വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിലെ സ്വാര്‍ഥത എനിക്കു കാണാനായി. ലോകകപ്പില്‍ തന്നെ മൂന്നാം തവണയാണ് ഇതു സംഭവിക്കുന്നത്. 49ാം ഓവറില്‍ സിംഗിളെടുത്ത് സെഞ്ച്വറി തികയ്ക്കാനാണു കോഹ്‌ലി ശ്രമിച്ചത്. ടീമിന് പ്രാധാന്യം നല്‍കിയില്ല. രോഹിത് ശര്‍മയ്ക്കും സെല്‍ഫിഷ് ക്രിക്കറ്റ് കളിക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. കാരണം രോഹിത് ടീമിനു വേണ്ടിയാണു കളിക്കുന്നത്.

രോഹിത്തിനാണു ക്രെഡിറ്റ് നല്‍കേണ്ടത്. ആദ്യ ഓവറുകളില്‍ അദ്ദേഹം നന്നായി ബാറ്റു ചെയ്തു. പിച്ച് ബുദ്ധിമുട്ടേറിയതാകുമെന്നും അതുകൊണ്ടു തന്നെ തുടക്കത്തില്‍ ആക്രമിച്ചു കളിക്കണമെന്നും അദ്ദേഹം മനസ്സിലാക്കി.കോഹ്‌ലി മോശമായാണു കളിച്ചതെന്നു ഞാന്‍ പറയില്ല. 97 റണ്‍സുവരെ അദ്ദേഹത്തിന്റെ ബാറ്റിംഗ് മനോഹരമായിരുന്നു.

അവസാനത്തെ മൂന്ന് സിംഗിളുകളെക്കുറിച്ചാണു ഞാന്‍ പറയുന്നത്. ബൗണ്ടറികള്‍ നേടാതെ സിംഗിളുകള്‍ എടുക്കാനാണ് കോഹ്‌ലി ശ്രമിച്ചത്. വ്യക്തിഗത നേട്ടത്തിനും മുകളിലായിരിക്കണം എപ്പോഴും ടീം- ഹാഫിസ് പറഞ്ഞു.