അല്ലു അർജുൻ നായകനായ പുഷ്പ ആദ്യ ഭാഗത്തിൽ വില്ലൻ റോളിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ഫഹദ് ഫാസിൽ കാഴ്ചവച്ചത്. ചിത്രത്തിൽ ഭൻവർ സിങ് ശെഖാവത്ത് എന്ന നെഗറ്റീവ് റോൾ ചെയ്ത് നടൻ കയ്യടി നേടി. എന്നാൽ സിനിമയുടെ രണ്ടാം ഭാഗത്തിൽ നടന്റെ കഥാപാത്രം നിരാശപ്പെടുത്തുകയായിരുന്നു. ആദ്യ ഭാഗത്തിൽ ഫഹദിന്റെ പ്രകടനം ഉണ്ടാക്കിയ ഓളം രണ്ടാം ഭാഗത്തിൽ കിട്ടിയില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പുഷ്പയുടെ രണ്ടാം ഭാഗത്തിൽ നടനെ കോമാളിയാക്കി എന്നായിരുന്നു പ്രധാന വിമർശനം. ഇതേകുറിച്ച് സിനിമയുടെ പേരെടുത്ത് പറയാതെ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് ഫഹദ്.
ആ സിനിമയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്നാണ് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്. “കഥാപാത്രത്തിന്റെ ധാർമിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവർ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാൽ കഴിഞ്ഞ വർഷം വന്ന ഒരു സിനിമയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കിൽ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉൾക്കൊണ്ട് അങ്ങ് പോകണം”, ഫഹദ് പറഞ്ഞു.
Read more
ഫഹദിന്റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു പുഷ്പ. സിനിമയുടെ രണ്ട് ഭാഗങ്ങളും തിയേറ്ററുകളിൽ നിന്ന് വലിയ വിജയമാണ് നേടിയത്. പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ സീരീസ് സുകുമാറാണ് സംവിധാനം ചെയ്തത്. രാഷ്മിക മന്ദാന ചിത്രത്തിൽ നായികയായി എത്തി.









