മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ലോകകപ്പ് 2023-ന്റെ സെമി ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ന്യൂസിലൻഡ് ജയിക്കുമെന്ന് മുൻ പേസർ മിച്ചൽ മക്ലെനാഗൻ പ്രവചിച്ചു. അതിനിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ടൂർണമെന്റിൽ ഇന്ത്യ പുലർത്തിയ മികച്ച ഫോം ഇന്നും തുടരുമെന്നാണ് ആരാധകർ കരുതുന്നത്. അതേസമയം കിവീസ് ആകട്ടെ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്ക് എതിരെ പുലർത്തിയ മേധാവിത്വം ഇന്നും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രാക്കിന്റെ സ്വഭാവത്തെക്കുറിച്ച് പ്രതികരിച്ച മക്ലെനഗൻ, കിവീസിനെതിരെ ഇന്ത്യൻ പേസർമാർക്ക് സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് പറഞ്ഞു. “വിക്കറ്റുകൾ ന്യൂസിലൻഡിന് അനുകൂലമായിട്ട് ആയിരിക്കും നിൽക്കുക. ഇന്ത്യയുടെ സീമർമാർ മികച്ചവരാണ്, ഇതുവരെ അവർ മികച്ച പ്രകടനം നടത്തി. എന്നാൽ ഇന്ന് ഒന്നും ചെയ്യാൻ പറ്റാതെ നിസാരരായി അവർ നിൽക്കും. മിച്ചൽ സാന്റ്നർ ആയിരിക്കും മാൻ ഓഫ് ദ മാച്ച്, ”അദ്ദേഹം എക്സിൽ എഴുതി.
ജസ്പ്രീത് ബുംറ (17 വിക്കറ്റ്), മുഹമ്മദ് ഷാമി (16 വിക്കറ്റ്), മുഹമ്മദ് സിറാജ് (12 വിക്കറ്റ്) എന്നിവർ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നടത്തിയത് മികച്ച പ്രകടനമാണ്. അത് ഇന്ന് ആവർത്തിക്കുമെന്നാണ് ഇന്ത്യൻ ആരാധകർ കരുതുന്നത്. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ 4 വിക്കറ്റിന് ജയിച്ചത് അടക്കം ഒമ്പത് കളികളിലും ഇന്ത്യ വിജയിച്ചു.
Read more
വിരാട് കോലി 95 റൺസെടുത്ത മത്സരത്തിൽ മുൻനിര വിക്കറ്റുകൾ വീണിട്ടും കോഹ്ലി ക്രീസിൽ പിടിച്ച് നിന്നിട്ട് ഇന്ത്യയെ ജയിപ്പിക്കുക ആയിരുന്നു. കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ടീം നേരത്തെ 2019 ലോകകപ്പിൽ ഇന്ത്യയെ സെമിയിൽ തോൽപ്പിച്ചിരുന്നു. അതിന് കണക്ക് ചോദിക്കുക ആയിരിക്കും ഇന്ത്യയുടെ ലക്ഷ്യം.