ഫൈനല്‍ ഉറപ്പിച്ചത് വിനയായി, ഇംഗ്ലണ്ടില്‍ കുടുങ്ങി ടീം ഇന്ത്യ

ലോക കപ്പ് സെമിയില്‍ തോറ്റ് പുറത്തായ ഇന്ത്യന്‍ ടീമിന് പുതിയ വെല്ലുവിളി. അപ്രതീക്ഷിതമായി പുറത്തായത് ഫൈനല്‍ ഉറപ്പിച്ച ടീമിന്റെ നാട്ടിലേക്കുളള മടക്കം അനിശ്ചിതത്തിലാക്കി. പുറത്തായതോടെ ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും കുടുംബാംഗങ്ങളും ഫൈനല്‍ മത്സരം വരെ ഇംഗ്ലണ്ടില്‍ കുടുങ്ങിപ്പോയ അവസ്ഥയിലാണ്.

ഇന്ത്യ ഫൈനലിലെത്താതെ പുറത്തായതോടെ ടീം അംഗങ്ങള്‍ക്ക് തിരികെ നാട്ടിലെത്താനുള്ള ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബി.സി.സി.ഐക്ക് സാധിച്ചില്ല. ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ ബി.സി.സി.ഐ തിരികെ പോകാനുള്ള വിമാനടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നില്ല. ഇതാണ് വിനയായത്.

ഇതോടെ ലോക കപ്പ് ഫൈനല്‍ നടക്കുന്ന ജൂലായ് 14 വരെ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കുടുങ്ങുമെന്ന സ്ഥിതിയാണ്. സെമിഫൈനലിനു ശേഷമാണ് മടക്ക ടിക്കറ്റിനായി ബി.സി.സി.ഐ ശ്രമിച്ചത്. എന്നാല്‍ ഇത് ലഭിക്കാത്ത സ്ഥിതി വന്നു. ഇതോടെ ടീമിന്റെ മടക്കയാത്ര പ്രശ്നത്തിലുമായി.

ടീം പുറത്തായതോടെ ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച തന്നെ മാഞ്ചസ്റ്ററിലെ ഹോട്ടല്‍ വിട്ടിരുന്നു. ഇവരില്‍ പലരും ഞായറാഴ്ച വരെ നഗരത്തില്‍ തുടര്‍ന്നേക്കും.