ചെന്നൈയെ ആരും ട്രോളേണ്ട, എല്ലാ ടീമുകൾക്കും പണി കിട്ടും; ഗവാസ്‌കർ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾ ഈ സീസൺ മുതൽ തന്നെ നടപ്പിലാക്കിയ പുതിയ ഇംപാക്ട് പ്ലെയർ റൂൾ ടീമുകൾക്ക് ഒന്ന് സെറ്റ് ആകാൻ സമയം എടുക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ പറയുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിന് ശേഷം അമ്പാട്ടി റായിഡുവിന് പകരം തുഷാർ ദേശ്പാണ്ഡെ എത്തി. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ ഇമ്പാക്ട് പ്ലെയറായിട്ടും താരം മാറി. എന്നിരുന്നാലും, ദേശ്പാണ്ഡെ തന്റെ 3.2 ഓവറിൽ 51 റൺസ് വഴങ്ങിയപ്പോൾ ഇമ്പാക്ട് പ്ലേയർ ഗുണം ഉണ്ടാക്കിയത് ഗുജറാത്തിനായി എന്ന് മാത്രം.

ഗുജറാത്ത് ടൈറ്റൻസും സ്‌പെഷ്യൽ റൂൾ ഉപയോഗിച്ചു. എന്നാൽ പരിക്കേറ്റ കെയ്ൻ വില്യംസണിന്റെ പകരക്കാരനായി സായ് സുദർശൻ 3 ആം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ അതൊരു നിർബന്ധിത പകരക്കാരൻ ആയി. അദ്ദേഹം 22 റൺസ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ടോസ് കഴിഞ്ഞ് സിഎസ്‌കെ തിരഞ്ഞെടുത്ത അഞ്ച് പകരക്കാരിൽ ദേശ്പാണ്ഡെയും ഉൾപ്പെട്ടു . സുബ്രാൻഷു സേനാപതി, ഷെയ്ക് റഷീദ്, അജിങ്ക്യ രഹാനെ, നിശാന്ത് സിന്ധു എന്നിവരായിരുന്നു മറ്റുള്ളവർ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിനിടെ ബോർഡ് ഫോർ ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (ബിസിസിഐ) പരീക്ഷിച്ചതിന് ശേഷം ഈ വർഷത്തെ ടൂർണമെന്റിൽ ആദ്യമായി ഇംപാക്റ്റ് പ്ലെയർ നിയമം നടപ്പിലാക്കുന്നു.

“പുതിയ നിയമങ്ങൾ മനസിലാക്കാനും പുതിയ കളി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും നിങ്ങൾക്ക് കുറച്ച് സമയം ആവശ്യമാണ്. TATA IPL 2023 ലെ പത്ത് ടീമുകളുടെയും സ്ഥിതി ഇതുതന്നെയായിരിക്കും. അവർക്ക് അത് മനസിലാകുന്നതിന് കുറച്ച് സമയം വേണ്ടിവരും,” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.