കാലചക്രത്തിന്റെ ചക്രവാളങ്ങള്‍ എത്ര കടന്നു പോയാലും നിങ്ങള്‍ക്ക് പകരം മറ്റൊരാള്‍, ഇല്ല അത് അത്ര എളുപ്പമാവില്ല!

 

ശ്രീജേഷ് കെ

ഗ്യാലറി മൊത്തം ആര്‍ത്തിരമ്പി വിളിക്കുമായിരുന്നു യൂവീ.. യൂവീ.. യൂവീ.. യൂവീ. അതെ ഞങ്ങളുടെ മിശിഹാ. അത്രയ്ക്കും ആവേശമായിരുന്നു ഒരു കാലത്ത് അയാള്‍. ജേഴ്‌സി നമ്പര്‍ 12. പേര് യുവരാജ് സിംഗ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാള്‍. ടീം ഇന്ത്യയ്ക്ക് അയാള്‍ എല്ലാമായിരുന്നു. ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിങ്ങിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പടനായകന്‍. ഇന്ത്യന്‍ ജനതയുടെ വികാരം ആയിരുന്നു ആ ഇടംകൈയ്യന്‍. ഇന്ത്യന്‍ മതിലുകളില്‍ അയാളുടെ പേര് ആലേഖനം ചെയ്യപ്പെട്ടു.

അക്കാലത്തെ ലോകോത്തര ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ അയാളുടെ പേര് കത്തി ജ്വലിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിഭരിച്ച യുവരാജാവ്. ബൗളര്‍മാരുടെ പേടി സ്വപ്നം. ബ്രെറ്റ് ലീ, ജോണ്‍സണ്‍, ബ്രോഡ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരെ അദ്ദേഹം ഒരു കൂസലുമില്ലാതെ അടിച്ചു പറത്തിയിട്ടുണ്ട്. യുവിയെ ഒരു നോട്ടം കൊണ്ടുപോലും പ്രകോപിപ്പിക്കാന്‍ ആരായാലും ഒന്ന് ആലോചിക്കും. അതിന്റെ ചൂട് നന്നായി അറിഞ്ഞവനാണ് ഇംഗ്ലണ്ട് ടീമിലേക്ക് പിച്ചവെച്ച് തുടങ്ങിയ സ്റ്റുവര്‍ട്ട് ബ്രോഡ്. ഒരു ഓവറിലെ 6 പന്തും നിലംതൊടാതെ ഗ്യാലറിയില്‍ എത്തിച്ചു. പിന്നീടുള്ള ആ ബൗളറുടെ കരിയര്‍ നോക്കിയാല്‍ മതി, അയാള്‍ ഒരു മോശം ബോളറോ ആ എറിഞ്ഞ പന്തുകള്‍ മോശമോ ആയിരുന്നില്ല.. പക്ഷെ യുവരാജ് അങ്ങനെയാണ്.

മുന്‍നിര തകര്‍ന്നപ്പോള്‍ ആ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഞങ്ങളുടെ പ്രതീക്ഷ മിക്കപ്പോഴും അയാള്‍ കാത്തിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് പ്രധാന ലോക കപ്പ് നേട്ടത്തിലെ പ്രധാനി. മൈതാനത്ത് ചോര തുപ്പിട്ടുണ്ട് ആ മനുഷ്യന്‍. എന്നിട്ടും ടീമിന്റെ വിജയത്തിനുവേണ്ടി പൊരുതി നിന്നു. രാജ്യത്തിനു വേണ്ടി എന്തും സഹിക്കാന്‍ തയ്യാറായിരുന്നു അയാള്‍. ആവനാഴിയിലെ അവസാന അസ്ത്രം എടുത്തിട്ട് പോലും അദ്ദേഹത്തെ കീഴ്‌പ്പെടുത്താന്‍ എതിരാളികള്‍ക്കായിട്ടില്ല.

2011 ലെ വേള്‍ഡ് കപ്പ്, വേദി ഇന്ത്യ, വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. യുവി അങ്കത്തട്ടില്‍ വീരഗാഥ രചിച്ചു കൊണ്ടിരിക്കുന്നു. ക്രിക്കറ്റ് ദൈവത്തിന്റെ അവസാന വേള്‍ഡ് കപ്പ്. ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ ആവശ്യമായി വരുമ്പോള്‍ ധോണിക്ക് വിശ്വസിച്ച് പന്തെല്‍പ്പിക്കാന്‍ അയാള്‍ ഉണ്ടായിരുന്നു. തന്റെ സ്പിന്‍ മാന്ത്രികതയില്‍ എതിരാളികളെ അയാള്‍ കറക്കി വീഴ്ത്തുമായിരുന്നു. ഫൈനല്‍ മത്സരത്തില്‍ വാങ്കഡെയുടെ മണ്ണില്‍ ധോണി അടിച്ച കൂറ്റന്‍ സിക്‌സര്‍ കാണികളെ ചുംബിക്കുമ്പോള്‍, മറുവശത്ത് ആ 12-ാം നമ്പര്‍ ജേഴ്‌സികാരന്‍ ആഹ്ലാദത്താല്‍ ആര്‍പ്പു വിളിക്കുകയായിരുന്നു. യുദ്ധഭൂമിയില്‍ വിജയഗാഥ രചിച്ച് പടനായകനെ പോലെ. സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവത്തിനു വേണ്ടി പോരാളികള്‍ നേടിക്കൊടുത്ത വിജയം.

ഇല്ല യുവി നിങ്ങള്‍ ഞങ്ങളുടെ മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. അസ്തമിക്കാത്ത സൂര്യനെപ്പോലെ കത്തി ജ്വലിക്കുകയാണ്. യുവി.. നിങ്ങള്‍ ഞങ്ങളുടെ വികാരമായിരുന്നു. നിങ്ങള്‍ക്കു മേല്‍ ഒരു ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനെയും ഞങ്ങള്‍ ഇത്രയും സ്‌നേഹിച്ചിട്ടില്ല. സച്ചിനെ കണ്ടു വലങ്കയ്യില്‍ ബാറ്റുമായി നടന്ന ഒരു ജനതയെ ഇടംകയ്യില്‍ മാന്ത്രികത ഒളിഞ്ഞിരിപ്പുണ്ടെന്ന് അറിയിച്ച ഞങ്ങളുടെ യുവരാജന്‍. സിക്‌സറുകളുടെ തോഴന്‍. വിശേഷണങ്ങള്‍ ഏറെയാണ്. ക്യാന്‍സറിനെ അതിജീവിച്ച് തിരിച്ചു വന്നെങ്കിലും, ഞങ്ങള്‍ക്ക് എവിടെയോ വെച്ച് പ്രതാപകാലത്തിലേ യുവിയെ നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനു മുമ്പ് കണ്ട യുവി അല്ലായിരുന്നു പിന്നീട്..

ഇന്ന് ഇന്ത്യന്‍ ടീം നാലാം നമ്പര്‍ കളിക്കാരനെ തേടുകയാണ്. ഓരോ ആളുകളെയും മാറ്റി മാറ്റി പരീക്ഷിക്കുകയാണ്. ഒരുകാലത്ത് യുവിയുടെ കൈയില്‍ ഭദ്രമായിരുന്നു ആ സ്ഥാനം. കാലചക്രത്തിന്റെ ചക്രവാളങ്ങള്‍ എത്ര കടന്നു പോയാലും നിങ്ങള്‍ക്ക് പകരം മറ്റൊരാള്‍.. അത് അത്ര എളുപ്പമാവില്ല. ഒറ്റ ഒരു വിഷമം മാത്രമേയുള്ളൂ യുവി.. അര്‍ഹതപ്പെട്ട യാത്രയയപ്പ് കിട്ടാതെ പോയ ഒരു പിടി താരങ്ങളുടെ കൂട്ടത്തില്‍ നിങ്ങളും..

 

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്