ന്യൂസിലന്‍ഡിന്‍റെ ബോളിംഗ് പോരാ, അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്, പാകിസ്ഥാനെതിരെ തരിപ്പണമാകും; തുറന്നടിച്ച് പാക് മുന്‍ താരം

ലോകകപ്പും ഏഷ്യാകപ്പും വാരാനിരിക്കെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ മുന്‍ താരം ആക്വിബ് ജാവേദ്. ന്യൂസിലന്‍ഡുമായുള്ള ഇന്ത്യന്‍ പരമ്പര വിജയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ന്യൂസിലന്‍ഡിന്റെ ബോളിംഗ് പോലെയല്ല പാകിസ്ഥാന്റേത് എന്നും അതിനാല്‍ പാകിസ്ഥാനെതിരെ ഇന്ത്യ ശരിക്കും ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ എല്ലായ്പ്പോഴും ഇന്ത്യന്‍ ടീമിനു വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇത്തവണ ഇന്ത്യയിലേക്കു വരാനിരിക്കുകയാണ്. ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കാന്‍ പാകിസ്ഥാന് ബുദ്ധിമുട്ട് നേരിടാറില്ല.

അടുത്തിടെ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ ന്യൂസിലന്‍ഡിന്റെ ബോളിംഗ് പോലെയല്ല പാകിസ്ഥാന്റേത്. ന്യൂസിലന്‍ഡിനെതിരേ നാലു സെഞ്ച്വറികള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു നേടാനായത് അതുകൊണ്ടാണ്.

ഏകദിന ക്രിക്കറ്റില്‍ പാകിസ്ഥാന്‍ മികച്ച ടീമാണ്. അവര്‍ക്കു ഈ ഫോര്‍മാറ്റില്‍ മുന്‍തൂക്കം നല്‍കുന്ന കാര്യം ബോളിംഗാണ്. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെല്ലാം പൂര്‍ണമായും ഫിറ്റാണ്. അതു ഏകദിന ലോകകപ്പില്‍ അവര്‍ക്കു മുതല്‍തൂക്കാവുകയും ചെയ്യും.

ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമില്‍ ഷദാബ് ഖാനും മുഹമ്മദ് നവാസുമുണ്ടാവും. ഇന്ത്യയില്‍ ഫാസ്റ്റ് ബോളിംഗ് ഓള്‍റൗണ്ടറുടെ ആവശ്യമില്ല. പാകിസ്ഥാന്‍ 300 പ്ലസ് സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ മറ്റു ടീമുകള്‍ക്കു അതു ചേസ് ചെയ്യുക ബുദ്ധിമുട്ടായിരിക്കും- ആക്വിബ് ജാവേദ് വ്യക്തമാക്കി.