IPL 2025: അവനെ പുറത്താക്കി കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും, ആളുകള്‍ ആ താരത്തിന്റെ പതനം കാണാന്‍ ആഗ്രഹിക്കുന്നു, വെളിപ്പെടുത്തി കൈഫ്‌

മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ വിജയങ്ങളില്‍ രോഹിത് ശര്‍മ്മയുടെ മിന്നുംഫോം നിര്‍ണായക പങ്കാണ് വഹിച്ചത്. രോഹിതിന്റെ അര്‍ധസെഞ്ച്വറി പ്രകടനങ്ങള്‍ പലപ്പോഴും ടീമിന്റെ രക്ഷയ്‌ക്കെത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ കളിയിലും 53 റണ്‍സോടെ ടീമിന് മികച്ച തുടക്കമാണ് രോഹിത് സമ്മാനിച്ചത്. അതേസമയം വിമര്‍ശകരുടെ വായടപ്പിക്കുന്ന തരത്തിലുളള മറുപടിയാണ് രോഹിത് ശര്‍മ്മ തന്റെ മിന്നുംഫോമിലൂടെ നല്‍കുന്നതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി മുംബൈ ടീമിലെ രോഹിതിന്റെ സ്ഥാനത്തെ ക്രിക്കറ്റ് വിദഗ്ദരും ആരാധകരും ഉള്‍പ്പെടെയുളളവര്‍ ചോദ്യം ചെയ്തിരുന്നു. എപ്പോഴൊക്കെ ഇവര്‍ എഴുതിതളളിയിട്ടുണ്ടോ അപ്പോഴൊക്കെ പതിന്മടങ്ങ് ശക്തിയോടെ ഇംപാക്ടുളള ഇന്നിങ്ങ്‌സുകള്‍ കളിച്ച് രോഹിത് തിരിച്ചുവന്നിട്ടുണ്ടെന്നും കൈഫ് പറയുന്നു.

“കുറെ വര്‍ഷങ്ങളായി ആളുകള്‍ രോഹിതിന്റെ പിന്നാലെ നടക്കുന്നതും അവനെ ടീമില്‍ നിന്നും പുറത്താക്കാന്‍ ആഗ്രഹിക്കുന്നതും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കരിയറില്‍ എത്ര തവണയാണ് നമ്മള്‍ക്ക് ഇത് രോഹിതിന്റെ അവസാന മത്സരമാണെന്ന് തോന്നിയിട്ടുളളത്, എന്നാല്‍ അപ്പോഴൊക്കെ അവന്‍ വന്ന് 60-70 റണ്‍സ് നേടുന്നു. അവന്‍ എപ്പോഴൊക്കെ റണ്‍സ് നേടുന്നുവോ, അപ്പോഴൊക്കെ അവന്‍ കളിയിലെ താരമാകും.  കാരണം അവന്‍ വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നു”.

“ഇത് എല്ലാ വര്‍ഷവും നടക്കുന്ന കഥയാണ്. അദ്ദേഹത്തിന് സമ്മര്‍ദ്ദം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഒരു പരാജയം കൂടി ഉണ്ടായാല്‍ അദ്ദേഹം പുറത്താകുമെന്ന് തോന്നുന്നു. ക്രിക്കറ്റ് വിദഗ്ദ്ധര്‍ അദ്ദേഹത്തെ പിന്തുടരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ദ്ധസെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച തിരിച്ചുവരവാണ് രോഹിത് നടത്തിയത്, ഇത് അദ്ദേഹത്തെ ഒഴിവാക്കരുതെന്ന് സൂചിപ്പിക്കുന്നു. അദ്ദേഹം എപ്പോഴും തന്റെ ബാറ്റുപയോഗിച്ച് ഉത്തരം നല്‍കുന്നു”, കൈഫ് കൂട്ടിച്ചേര്‍ത്തു.

Read more