ഐപിഎലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുകയാണ്. തുടര്‍ തോല്‍വികളില്‍പ്പെട്ട് രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും ആദ്യം തന്നെ പുറത്തായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് ഇപ്പോഴും പ്ലേഓഫ് സാധ്യതകളുണ്ട്. പത്ത് കളികളില്‍ നിന്നും നാല് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ ഒമ്പത് പോയിന്റാണ് കൊല്‍ക്കത്തയ്ക്കുളളത്. അതേസമയം രാജസ്ഥാനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പരിക്കുണ്ടെങ്കിലും നായകന്‍ രഹാനെ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട്. പരിക്ക് വച്ച് രഹാനെ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇറങ്ങുന്നതിനെ കുറിച്ച് സഹതാരം മോയിന്‍ അലി മനസുതുറന്നിരുന്നു. “ഇന്നത്തെ മത്സരത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം, ഇനിയുളള എല്ലാ കളികളും ജയിക്കണം. ഇന്നത്തേത് വലിയ കളിയാണ്. രാജസ്ഥാന്‍ വളരെ മികച്ച ടീമാണ്. അവര്‍ക്ക് ചില മികച്ച കളിക്കാരുമുണ്ട്. ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്.
അവന്‍ (രഹാനെ) മികച്ചവനാണ്, പരിക്കുണ്ടെങ്കിലും അവന്‍ ഇന്ന് ഞങ്ങള്‍ക്കായി ഇറങ്ങും, മോയിന്‍ അലി പറഞ്ഞു. കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് ഇന്നത്തെ മത്സരം. ആദ്യ ബാറ്റിങ്ങില്‍ 14 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റിന് 113 റണ്‍സ് എന്ന നിലയിലാണ് കൊല്‍ക്കത്ത. റഹ്‌മാനുളള ഗുര്‍ബാസ്, സുനില്‍ നരെയ്ന്‍, ക്യാപ്റ്റന്‍ രഹാനെ തുടങ്ങിയലവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.








