പരിക്കേറ്റ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരക്കാരനായി പുതിയ താരത്തെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്‌സ്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മിച്ച് ഒവെന്‍ ആണ് പഞ്ചാബിനായി മാക്‌സ്‌വെല്ലിന് പകരം ഇനിയുളള മത്സരങ്ങളില്‍ കളിക്കുക. മൂന്ന് കോടി രൂപക്കാണ് ഓസ്‌ട്രേലിയന്‍ താരത്തെ പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചത്. ഇക്കഴിഞ്ഞ ബിബിഎല്‍ ഫൈനലില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സിനായി 42 ബോളില്‍ 108 റണ്‍സടിച്ച് അതിവേഗ സെഞ്ച്വറി നേടിയിരുന്നു മിച്ച് ഒവെന്‍.
ഫൈനലില്‍ കിരീടം നേടിയതും താരത്തിന്റെ ടീമായിരുന്നു. 14.3 ഓവറിലായിരുന്നു വിജയലക്ഷ്യമായ 183 റണ്‍സ് മിച്ച് ഒവെന്റെ ടീം മറികടന്നത്. ഓള്‍റൗണ്ടറായ താരം ബിബിഎല്‍ ഈ സീസണിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ടൂര്‍ണമെന്റില്‍ 452 റണ്‍സ് അടിച്ചുകൂട്ടി ടോപ്‌സ്‌കോറര്‍ ആയതും താരമായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കായി ടി20യില്‍ താരം ഇതുവരെ അരങ്ങേറിയിട്ടില്ല.
ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ അവസരത്തിന് കാത്തിരിക്കുന്ന സമയത്താണ് ഐപിഎലിലേക്കുളള വിളിയെത്തിയത്. 34 ടി20 മത്സരങ്ങളില്‍ നിന്നായി 646 റണ്‍സാണ് താരം നേടിയത്. 184 ആണ് സ്‌ട്രൈക്ക് റേറ്റ്. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സല്‍മിക്കായി താരം കളിക്കുന്നുണ്ട്.