രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ സൂപ്പര്‍താരം വൈഭവ് സൂര്യവന്‍ഷി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോഡ് ഉടന്‍ മറികടക്കുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. 16ാം വയസിലാണ് സച്ചിന്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഈ റെക്കോഡ് ഉടന്‍ തന്നെ 14കാരനായ വൈഭവ് മറികടക്കുമെന്നാണ് മൈക്കല്‍ വോണിന്റെ പ്രവചനം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 ബോളില്‍ സെഞ്ച്വറി അടിച്ച് ഞെട്ടിച്ച വൈഭവ് സൂര്യവന്‍ഷി ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.
അന്ന് തന്നെ ഇന്ത്യയുടെ ഭാവിതാരമായി വൈഭവ് മാറുമെന്ന് പലരും പ്രശംസിച്ചു. ഇപ്പോഴിതാ വൈഭവ് സൂര്യവന്‍ഷി ഇന്ത്യയ്ക്കായി ഉടന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുമെന്ന് പറയുകയാണ് മൈക്കല്‍ വോണ്‍. “വൈഭവിന് നിങ്ങള്‍ കുറച്ചുസമയം നല്‍കണം. തിരക്കുകൂട്ടരുത്. അവനെ കളിക്കാന്‍ അനുവദിക്കുക. ഐപിഎല്‍ കളിക്കുകയെന്നത് തന്നെ സമ്മര്‍ദ്ദമാണ്, കുറച്ചുനാള്‍ അവനെ കളി ആസ്വദിക്കാന്‍ അനുവദിക്കുക. വൈഭവ് ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത് നമ്മളെല്ലാവരും കാണാന്‍ പോകുകയാണ്.
അദ്ദേഹത്തിന് അപ്പോള്‍ 14, 15, 16 വയസ്സ് പ്രായമുണ്ടാകുമോ എന്നത് മാത്രമാണ് പ്രധാനം. ഇന്ത്യയ്ക്കു വേണ്ടി ഉടന്‍ കളിച്ച് വൈഭവ് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുമെന്ന് എനിക്ക് തോന്നുന്നു. പക്ഷേ ഞാന്‍ അദ്ദേഹത്തെ തിരക്കുകൂട്ടില്ല, മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലേലത്തില്‍ 1.10 കോടിക്കായിരുന്നു വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്.