IPL 2025: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചു, ഗുജറാത്ത് ടൈറ്റന്‍സ് താരം കാഗിസോ റബാഡയ്ക്ക് താല്‍ക്കാലിക വിലക്ക്

ഐപിഎല്‍ കഴിഞ്ഞ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ എത്തിച്ച താരമായിരുന്നു കാഗിസോ റബാഡ. എന്നാല്‍ ഈ സീസണില്‍ ആകെ രണ്ട് മത്സരങ്ങള്‍ മാത്രമായിരുന്നു താരം കളിച്ചിരുന്നത്. ഐപിഎലിന്റെ തുടക്കത്തില്‍ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് റബാഡ മടങ്ങിയതെന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ ഇപ്പോഴിതാ നിരോധിത ലഹരിപദാര്‍ത്ഥം ഉപയോഗിച്ചതിനെ തുടര്‍ന്ന് തനിക്ക് താല്‍ക്കാലിക വിലക്ക് ലഭിച്ചതായി താരം തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. പ്രസ്താവനയിലൂടെയാണ് റബാഡ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സ്വയം ചിന്തിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരമായി ഇത് ഉപയോഗിക്കുമെന്നും റബാഡ പറഞ്ഞു. “ഞാന്‍ നിരാശപ്പെടുത്തിയ എല്ലാവരോടും ഞാന്‍ അഗാധമായി ഖേദിക്കുന്നു. ക്രിക്കറ്റ് കളിക്കാനുള്ള പദവി ഞാന്‍ ഒരിക്കലും നിസ്സാരമായി കാണില്ല. ഈ പദവി എന്നെക്കാള്‍ വളരെ വലുതാണ്. അത് എന്റെ വ്യക്തിപരമായ അഭിലാഷങ്ങള്‍ക്ക് അപ്പുറമാണ്. ഞാന്‍ ഒരു താല്‍ക്കാലിക സസ്‌പെന്‍ഷന്‍ അനുഭവിക്കുകയാണ്, ഞാന്‍ ഇഷ്ടപ്പെടുന്ന ഗെയിമിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”.

“എനിക്ക് ഇത് ഒറ്റയ്ക്ക് കടന്നുപോകാന്‍ കഴിയുമായിരുന്നില്ല. എന്റെ ഏജന്റ്, സിഎസ്എ, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ഉപദേശത്തിനും എസ്എസിഎയ്ക്കും എന്റെ നിയമ സംഘത്തിനും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഏറ്റവും പ്രധാനമായി, എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവരുടെ മനസ്സിലാക്കലിനും സ്‌നേഹത്തിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുന്നോട്ട് പോകുമ്പോള്‍, ഈ നിമിഷം എന്നെ നിര്‍വചിക്കില്ല. ഞാന്‍ എപ്പോഴും ചെയ്തതുപോലെ ഞാന്‍ തുടരും, തുടര്‍ച്ചയായി കഠിനാധ്വാനം ചെയ്യുകയും അഭിനിവേശത്തോടും സമര്‍പ്പണത്തോടും കൂടി കളിക്കുകയും ചെയ്യും”, റബാഡ പറഞ്ഞു.

Read more