ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ റിഷഭ് പന്ത് ഇത്തവണ തന്റെ സെലിബ്രേഷൻ നടത്താത്തതിൽ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ആദ്യ ഇന്നിങ്സിൽ 134 റൺസ് നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ 118 റൺസാണെടുത്തത്. സെഞ്ച്വറി നേടിയ കെഎൽ രാഹുലും റിഷഭ് പന്തും ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്. 371 റൺസ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യ ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ശേഷം പന്ത് സെലിബ്രേഷൻ നടത്താതിരുന്നതിൽ തനിക്ക് നിരാശയുണ്ടെന്നാണ് മൈക്കൽ വോൺ പറഞ്ഞത്.
മത്സരത്തിനിടെ സുനിൽ ഗവാസ്കറിനോടാണ് വോൺ മനസുതുറന്നത്. “ആ ആഘോഷം എന്താണെന്ന് വിശദീകരിക്കാമോ? അതെന്താണെന്ന് നിങ്ങൾക്കറിയാമോ? ഞാനും ആ ഫ്ലിപ്പിനായി കാത്തിരിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ പന്ത് അത് ചെയ്യാതിരുന്നപ്പോൾ ഞാൻ നിരാശനായി. റിഷഭിനെ അറിയാവുന്നതിനാൽ, അദ്ദേഹം എപ്പോഴും തന്റെ ആഘോഷങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നാണ് ഞാൻ കരുതുന്നത്”, മൈക്കൽ വോൺ പറഞ്ഞു.
Read more
ഇംഗ്ലണ്ടിൽ വച്ചുളള തന്റെ നാലാം സെഞ്ച്വറി കൂടിയാണ് റിഷഭ് പന്ത് ഇന്നലെ നേടിയത്. 140 പന്തിൽ 15 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. അമ്പത് റൺസ് വരെ കരുതലോടെ കളിച്ച താരം പിന്നീടങ്ങോട്ട് കത്തിക്കയറുകയായിരുന്നു. സെഞ്ച്വറി നേടിയപ്പോൾ സുനിൽ ഗവാസ്കർ ഉൾപ്പെടെ സെലിബ്രേഷൻ നടത്താൻ പന്തിനോട് ആവശ്യപ്പെട്ടെങ്കിലും അത് പിന്നീട് ചെയ്യാമെന്ന് പറഞ്ഞ് താരം നിരസിക്കുകയായിരുന്നു.