ഫോമില്ല, പോരാത്തതിന് പരിക്കും; ഫിറ്റല്ലെന്ന് പറയുന്നത് മത്സരദിവസം മാത്രം; ഇതിന് മാത്രം താങ്ങാന്‍ പന്ത് ആരാണ്?

ഇത്രയേറെ താങ്ങാന്‍ റിഷഭ് പന്ത് ആരാണ്? സമീപകാലത്തായി പന്തിന് ബിസിസിഐ നല്‍കുന്ന അകമഴിഞ്ഞ പിന്തുണ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് ഒരു അത്ഭുതമാണ്. അത് സഞ്ജു ആരാധകര്‍ക്ക് മാത്രമല്ല, ഫോമിലുള്ളവരെ മാറ്റിനിര്‍ത്തി ഇന്ത്യ കൈവിട്ട കളി കളിക്കുന്നു എന്നു കരുതുന്ന എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും പന്ത് കരടായിരിക്കുകയാണ്.

നിലവില്‍ പന്ത് മോശം ഫോമിലാണ്. പോരാത്തതിന് പരിക്കും. എന്നിട്ടും പന്ത് ടീമിന്റെ ഭാഗമാണ് എന്നതാണ് ശ്രദ്ധേയം. ന്യൂസിലന്‍ഡ് പര്യടനം മുതല്‍ താരത്തിനെ പരിക്കിനെ പരിക്ക് വേട്ടയാടിയിരുന്നു എന്നാണ് വിവരം. എന്നിട്ടും പന്തിനെ മാറ്റിനിര്‍ത്താന്‍ ടീം തയ്യാറായില്ല. പിന്നീട് ബംഗ്ലാദേശ് പര്യടനത്തിലും ഫിറ്റ്‌നസില്ലായ്മ മുഖവിലയ്‌ക്കെടുക്കാതെ ടീം മാനേജ്‌മെന്റ് പന്തിനെ ഒപ്പം കൂട്ടി.

ഏകദിന പരമ്പരയിലെ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മാത്രം മുന്‍പ് ടീം മാനേജ്‌മെന്റിന്റെ ‘ഞെട്ടിക്കുന്ന’ പ്രഖ്യാപനം. പന്തിന് പരിക്കാണ് പോലും കളിപ്പിക്കില്ലെന്ന്, ഏകദിന പരമ്പരയില്‍നിന്ന് ഒഴിവാക്കുന്നു പോലും. എന്നാല്‍ ടെസ്റ്റ് ടീമില്‍ താരം തുടരും താനും. ഏകദിനത്തില്‍ പകരം താരത്തെ പ്രഖ്യാപിക്കാനും ഉദ്ദേശ്യമില്ലെന്നും.

പന്തിന്റെ പരിക്ക് മറിച്ച് വെച്ച് ആരുടെ ചാന്‍സ് കളയാനാണ് ടീം ശ്രമിക്കുന്നതെന്ന് സ്വാഭാവികമായും ഉയരുന്ന സംശയം. അത് സഞ്ജുവിനോട് മാത്രമല്ല, കഴിവുണ്ടായിട്ടും ഫോമിലായിട്ടും അവസരത്തിനായി കാത്തുന്ന എല്ലാ താരങ്ങളോടും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കാട്ടുന്ന അനീതിയാണിത്. എന്നാലും ഒരു സംശയം, ഇത്രയേറെ പിന്തുണയ്ക്കാന്‍ പന്ത് ആരാണ്? ഇന്ത്യന്‍ ടീമിനെ പ്രതിരോധത്തിലാക്കാന്‍ പോകുന്ന എന്തേലും ഐറ്റം താരത്തിന്റെ കൈയിലുണ്ടോ? അതാണോ താരത്തെ അജയ്യനാക്കുന്നത്?