അവസാന ഓവറുകളിൽ കളി പിടിച്ച് കൊൽക്കത്ത, 200 സ്വപ്നം പൊലിഞ്ഞതിൽ പഞ്ചാബിന് സ്വയം പഴിക്കാം

തുടക്കത്തിലേ കളി കണ്ടപ്പോൾ ഇത് 200 റൺസും കടന്നുപോകുമെന്ന് വിചാരിച്ച പഞ്ചാബ് ആരാധകരെ നിരാശരാക്കി ടീമിന്റെ മധ്യനിര കളി മറന്നപ്പോൾ കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് നേടാനായത് 191റൺസ് മാത്രം. ഒരു ഘട്ടത്തിൽ വലിയ സ്കോറിലേക്ക് കുതിക്കുക ആയിരുന്ന പഞ്ചാബിനെ കളിയുടെ അവസാനം അച്ചടക്കമുള്ള ബോളിങ്ങിലൂടെ കൊൽക്കത്ത പിടിച്ചുനിർത്തുക ആയിരുന്നു.

ടോസ് നേടിയ നിതീഷ് റാണ യാതൊരു കൺഫ്യൂഷനും ഇല്ലാതെ തന്നെ ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. പ്രഭ്സിമ്രാൻ സിംഗ്- ശിഖർ ധവാൻ സഖ്യമാണ് ഓപ്പണിങ്ങിൽ ഇറങ്ങിയത്. ധവാനെ കാഴ്ചക്കാരനാക്കി മനോഹരമായ ബാറ്റ് ചെയ്ത പ്രഭ്സിമ്രാൻ സിംഗ് സ്കോർ ഉയർത്തി. എന്നാൽ 23 റൺസെടുത്ത താരത്തിനെ സൗത്തീ പുറത്താക്കിയതോടെ കൊൽക്കത്തയ്ക്ക് ആശ്വാസമായി. എന്നാൽ പിടിച്ചതിനേക്കാൾ വലുതാണ് വന്നതെന്ന് പറയുന്നത് പോലെ ക്രീസിലെത്തിയ ഭാനുക രാജപക്‌സെ ധവാനുമായി ചേർന്ന് അടിച്ചുതകർത്തു. രണ്ടുപേരും ഒന്നിനൊന്ന് മെച്ചമായി കളിച്ചപ്പോൾ പഞ്ചാബ് സ്കോർ ബോർഡ് കുതിച്ചു.

ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് മുന്നേറുന്നതിനിടെ ഭാനുക രാജപക്‌സെ അർദ്ധ സെഞ്ചുറി തികച്ചു. എന്നാൽ തൊട്ടുപിന്നാലെ താരത്തെ ഉമേഷ് യാദവ് പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശർമ്മ(21) സിക്കന്ദർ റാസ (16) എന്നിവർ തുടക്കം മുതലാക്കാനത്തെ വീണപ്പോൾ ധവാൻ (40) റണ്സെടുത്താൻ മടങ്ങിയത്. സാം കറൻ(26 ) ഷാരൂഖ് ഖാൻ (11) എന്നിവർ പുറത്താകാതെ ക്രീസിൽ ഉണ്ടായിരുന്നു എങ്കിലും 200 റൺസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല.

കൊൽക്കത്തക്കായി സൗത്തീ രണ്ടും വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, എന്നിവർ ഓരോ വിക്കറ്റും നേടി. എന്നാൽ വരുൺ ചക്രവർത്തിയാണ് ബോളറുമാരിൽ പിശുക്ക് കാണിച്ച് 200 കടത്തുന്നതിൽ നിന്ന് പഞ്ചാബിനെ തടഞ്ഞത്.