ജഡേജയുടെ കൂടെ ബാറ്റേന്തുക അതികഠിനം, വെളിപ്പെടുത്തലുമായി കോഹ്ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി നേടിയതോടെ ഇന്ത്യയ്ക്കായി ഏറ്റവും അധികം ഇരട്ട സെഞ്ച്വറി നേടിയ താരം എന്ന നേട്ടം കോഹ്ലി സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ കോഹ്ലി എതിരാളികളെ നിസ്സഹായരാക്കിയാണ് ബാറ്റ് ചെയ്തത്. ഇതോടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തഗത സ്‌കോറും കോഹ്ലിയ്ക്ക് കണ്ടെത്താനായി.

മത്സരശേഷം ബിസിസിഐ ടിവിയോട് അനുഭവങ്ങള്‍ പങ്കുവെക്കാനും കോഹ്ലിയെത്തി. പൂണെയിലെ ചൂടേറിയ കാലാവസ്ഥയില്‍ ബാറ്റ് ചെയ്യുക പ്രയാസകരമാണെന്നും അത് ജഡേജയുടെ കൂടെയാകുമ്പോള്‍ അതികഠിനമാകുമെന്നും കോഹ്ലി പറയുന്നു.ജഡേജയുടെ കൂടെ ബാറ്റ് ചെയ്യുമ്പോള്‍ അതിവേഗത്തില്‍ റണ്ണിനായി ഓടേണ്ടിവരുന്നതാണ് ഇതിന് കാരണമായി കോഹ്ലി പറയുന്നത്.

ജഡേജയുടെ പിന്തുണയാണ് അതിവേഗം 600 റണ്‍സിലെത്താന്‍ സഹായകരമായതെന്നും രണ്ടാം ദിനം അവസാനത്തില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താനായത് വലിയ നേട്ടമായെന്നും കോഹ്ലി പറഞ്ഞു.

കരിയറില്‍ ഇതുവരെ നേടിയതില്‍ ഏറ്റവും മികച്ച രണ്ട് ഡബിള്‍ സെഞ്ചുറികള്‍ ഏതെന്ന് വ്യക്തമാക്കാനും കോഹ്ലി തയ്യാറായി. ക്യാപ്റ്റനായതിനുശേഷമാണ് താന്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ തുടങ്ങിയതെന്നും കോഹ്ലി പറഞ്ഞു.

ക്യാപ്റ്റനായതോടെ ഉത്തരാവാദിത്തം കൂടി. പരമാവധി നേരം ബാറ്റ് ചെയ്യാനും ടീം സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കണമെന്നുമുള്ള ചിന്ത കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചു. കരിയറില്‍ ഏഴ് ഇരട്ട സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ ആന്റിഗ്വയില്‍ നേടിയ ഇരട്ട സെഞ്ചുറിയും മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഇരട്ട സെഞ്ച്വറിയുമാണ് ഇതുവരെ നേടിയതില്‍ ഏറ്റവും മികച്ചതെന്ന് കോഹ്ലി പറഞ്ഞു.