ക്രിക്കറ്റിന് പുറത്തും വിരാടിന്റെ കുതിപ്പ്; കിങ് ഖാനെ പിന്നിലാക്കി അമ്പരപ്പിച്ച് കോഹ്ലി

ആഗോള വിപണിയിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ മുഖമാണ് വിരാട് കോഹ്ലി എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മൂല്യം കൂടിയ താരം ആരെന്നുള്ള ചോദ്യത്തിനും അനുഷ്‌ക ശര്‍മയുടെ ഭര്‍ത്താവായ കോഹ്ലി തന്നെയാണെന്നാണ് ഉത്തരം. ക്രിക്കറ്റില്‍ പുതിയ നേട്ടങ്ങളിലേക്ക് ബാറ്റ് വീശി കടന്നു കയറുന്ന ഈ ബെംഗളൂരു താരം പുതിയൊരു നേട്ടം കൂടി കരസ്ഥമാക്കിയതാണ് ഇന്ത്യന്‍ വിപണിയെ ഞെട്ടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ സെലിബ്രിറ്റി എന്ന നേട്ടമാണ് കോഹ്ലി നേടിയത്. 143 ദശലക്ഷം ഡോളര്‍ മൂല്യമാണ് കോഹ്ലി എന്ന ബ്രാന്‍ഡിന് ഇന്ത്യന്‍ വിപണിയിലുള്ളത്. ബോളിവുഡ് കിങ് ഷാരൂഖ് ഖാനെ രണ്ടാമതാക്കിയാണ് കോഹ്ലിയുടെ കുതിപ്പ്. 2014 മുതല്‍ കിങ് ഖാന്‍ ആയിരുന്നു ഇന്ത്യന്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവ്. കോര്‍പ്പറേറ്റ് അഡൈ്വസറി കമ്പനിയായ ഡഫ് ആന്റ് ഫെല്‍പ്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഒന്നാം സ്ഥാനത്ത് കോഹ്ലിയും രണ്ടാം സ്ഥാനത്ത് ഷാരൂഖ് ഖാനും ഇടം നേടിയപ്പോള്‍ മൂന്നാം സ്ഥാനത്ത് വന്നത് ദീപിക പദുക്കോണാണ്. നാലാം സ്ഥാനത്ത് അക്ഷയ്കുമാറും അഞ്ചാം സ്ഥാനത്ത് രണ്‍വീര്‍ സിങ്ങും. അതേസമയം, കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന ധോണി ഇത്തവണ 13ാം സ്ഥാനത്തേക്ക് താഴ്ന്നു.