'സഞ്ജുവിന് നീതി കിട്ടണം', പ്രതിഷേധ ചൂടില്‍ കത്തിയമര്‍ന്ന് സോഷ്യല്‍ മീഡിയ

ന്യൂസിലാന്റിനെതിരെ അടുത്തവാരം ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മയെ നായനാക്കിയാണ് യുവനിരയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടംലഭിച്ചില്ല. മികച്ച ഫോമിലുള്ള താരത്തെ തഴഞ്ഞതില്‍ ആരാധകരും നിരാശരാണ്.

സഞ്ജു സാംസണിനെ തഴഞ്ഞതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അലയടിക്കുകയാണ്. #JusticeforSanjuSamosn എന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററില്‍ തരംഗമായി കഴിഞ്ഞു. ഐപിഎല്ലിലെ മികവിന്റെ പേരില്‍ ഋതുരാജ് ഗെയ്ക്ക്‌വാദും ഇഷാന്‍ കിഷനും വെങ്കടേഷ് അയ്യരുമടക്കം ടീമില്‍ കയറിയപ്പോള്‍ അവരേക്കാള്‍ മികച്ച റെക്കോര്‍ഡുള്ള മലയാളി താരത്തെ തഴഞ്ഞത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും ട്വിറ്ററാറ്റികള്‍ ചൂണ്ടിക്കാട്ടുന്നു.

പതിനാലാം സീസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്. 484 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്തണ്ടായിരുന്നു സഞ്ജു. താരത്തിന്റെ ഐപിഎല്‍ കരിയറിലെ മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. അതോടൊപ്പം നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കേരളത്തിനായി മികച്ച ഫോമിലാണ് താരം കളിക്കുന്നത്.

ഈ മാസം 17, 19, 21 ദിവസങ്ങളിലായി മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലാന്റിനെതിരെ കളിക്കുക. രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടി20 ടീമിന്റെ പുതിയ നായകന്‍. കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ തിളങ്ങിയ ഋതുരാജ് ഗെയ്ക്ക്വാദ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ടീമിലിടം പിടിച്ചു.

Image

Read more

ഇന്ത്യന്‍ ടി20 ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍മാര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.