IPL 2025: അവന്റെ ബാറ്റിങ് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, എന്തൊരു പ്ലെയറാണ് അദ്ദേഹം, സഹതാരത്തെ പ്രശംസിച്ച് ജോസ് ബട്‌ലര്‍

ഐപിഎല്‍ 2025ല്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി തന്റെ ബാറ്റിങ് മികവ് തെളിയിച്ച താരമാണ് സായി സുദര്‍ശന്‍. ഗുജറാത്തിനായി ഈ സീസണില്‍ എല്ലാ മത്സരങ്ങളിലും ഇംപാക്ടുളള പ്രകടനങ്ങള്‍ നടത്താന്‍ യുവതാരത്തിന് സാധിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിലും 48 റണ്‍സെടുത്ത് ടീം സ്‌കോറിലേക്ക് സായി കാര്യമായ സംഭാവന നല്‍കി. മുഹമ്മദ് ഷമിയുടെ ഒരോവറില്‍ അഞ്ച് ഫോറുകളാണ് കഴിഞ്ഞ മത്സരത്തില്‍ സായി നേടിയത്. സായി സുദര്‍ശന് പുറമെ ഗുജറാത്തിനായി ഈ സീസണില്‍ ശ്രദ്ധേയ പ്രകടനം നടത്തുന്ന മറ്റൊരു താരമാണ് ജോസ് ബട്‌ലര്‍.

സണ്‍റൈസേഴ്‌സിനെതിരെ സായിക്ക് പുറമെ ബട്‌ലറും തിളങ്ങിയിരുന്നു. സായി സുദര്‍ശന്റെ ബാറ്റിങ് കണ്ട് അത്ഭുതപ്പെട്ടുപോയ നിമിഷത്തെ കുറിച്ച് മനസുതുറക്കുകയാണ് ജോസ് ബട്‌ലര്‍. ജിടി ക്യാമ്പില്‍ എത്തി ആദ്യ ദിവസത്തെ പരിശീലന സെക്ഷനില്‍ തന്നെ നെറ്റ്‌സില്‍ സായിയുടെ ബാറ്റിങ്ങ് കണ്ട് അത്ഭുതപ്പെട്ടുപോയി എന്ന് ബട്‌ലര്‍ പറയുന്നു. “ഞാന്‍ ഇത് പലതവണ പറഞ്ഞിട്ടുണ്ട്, ആദ്യ ദിവസം തന്നെ അവനെ നെറ്റ്‌സില്‍ കണ്ടപ്പോള്‍, സായി എത്ര മികച്ചവനാണെന്ന് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.

അവന്‍ നടത്തുന്ന പരിശ്രമം, അധ്വാനം, ഗെയിമിനെ മനസിലാക്കുന്നത്. എല്ലാദിവസവും വന്ന് പ്രാക്ടീസ് ചെയ്യാനുളള എളിമ, അവന്‍ അതിശയകരമായ സ്ഥിരത കാണിച്ചു. അതിന് അര്‍ഹിക്കുന്ന പ്രതിഫലവും പ്രശംസയും നേടി, സായി സുദര്‍ശനെ കുറിച്ച് ജോസ് ബട്‌ലര്‍ മനസുതുറന്നു. നിലവില്‍ ഈ സീസണില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സായി സുദര്‍ശനുളളത്. ജോസ് ബട്‌ലര്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

Read more