ഐപിഎല്‍: ഇന്ത്യന്‍ താരങ്ങള്‍ക്കും പൊന്നും വില; മാര്‍ക്യൂ താരങ്ങളെ പ്രഖ്യാപിച്ചു

അടുത്ത വാരം നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ താരലേലത്തിനുള്ള മാര്‍ക്യൂ താരങ്ങളെ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്‌സ്, ആര്‍ അശ്വിന്‍ തുടങ്ങിയ 16 മാര്‍ക്യൂ താരങ്ങളുടെ പേരാണ് പ്രഖ്യാപിച്ചത്. ഈ മാസം 27 നും 28നുമായി ബെംഗളൂരുവില്‍ വെച്ചാണ് താരലേലം.

ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ക്രിസ് ഗെയ്ല്‍, ഗ്ലെന്‍ മാക്സ് വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഫാഫ് ഡുപ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് മറ്റ് മാര്‍ക്യൂ താരങ്ങള്‍. ഇവര്‍ക്ക് രണ്ട് കോടിയാണ് അടിസ്ഥാന വില.

മാര്‍ക്യൂ താരങ്ങളുള്‍പ്പെടെ രണ്ട് കോടി അടിസ്ഥാനവിലയുള്ള 36 പേരാണ് ലേലത്തിനുള്ളത്. ഇവരില്‍ 13 പേര്‍ ഇന്ത്യക്കാരാണ്. മുരളി വിജയ്, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, യുസ്വേന്ദ്ര ചാഹല്‍, കരണ്‍ ശര്‍മ തുടങ്ങിയവര്‍ രണ്ട് കോടി വിലയുള്ളവരാണ്.

ഐപിഎല്‍ ലേല നടപടികള്‍ക്കായി അപേക്ഷിച്ച 1122 താരങ്ങളില്‍ നിന്ന് 578 താരങ്ങളെ മാത്രം നില നിര്‍ത്തിയാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അന്തിമപട്ടിക പുറത്തുവിട്ടത്. ഇതില്‍ 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. 18 താരങ്ങളെ നിലവില്‍ ഫ്രാഞ്ചൈസികള്‍ നില നിര്‍ത്തിയിട്ടുണ്ട്. 182 താരങ്ങളാവും ലേലത്തില്‍ ടീമുകളില്‍ എത്തിച്ചേരുവാനുള്ള സാധ്യത.