IPL 2025: വിരാടും ധോണിയും രോഹിതും അല്ല, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗോട്ട് അവൻ: ആകാശ് ചോപ്ര

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) ഐപിഎൽ 2025 ലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സുനിൽ നരെയ്‌നിന്റെ നിർണായകമായ ഓൾറൗണ്ട് പ്രകടനത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പ്രശംസിച്ചു. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കാമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന പോരിൽ കെകെആർ ഡിസിക്ക് 205 റൺസ് എന്ന വെല്ലുവിളി നിറഞ്ഞ ലക്ഷ്യം മുന്നോട്ടവെച്ചപ്പോൾ, 16 പന്തിൽ നിന്ന് 27 റൺസ് നേടി നരൈൻ മികച്ച പ്രകടനം കാഴ്ചവച്ചു. തുടർന്ന് മിസ്റ്ററി സ്പിന്നർ മികച്ച ബൗളിംഗ് നടത്തി നാല് ഓവറിൽ 29 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. കെകെആറിന്റെ 14 റൺസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം ഇത് കൂടാതെ സൂപ്പർതാരം കെഎൽ രാഹുലിനെയും ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കി. ഇത് കളിയിൽ നിർണായകമായി

നരൈന്റെ അസാധാരണമായ ഓൾറൗണ്ട് പ്രകടനത്തിന് മുൻ ഇന്ത്യൻ ഓപ്പണർ പ്രശംസിച്ചു. “യജമാനന്റെ എന്ത് ആഗ്രഹവും നിറവേറ്റുന്ന വിളക്കിലെ ഭൂതം പോലെയാണ് അവൻ. നിങ്ങൾ അത് തുറക്കുമ്പോൾ, ആ ഭൂതം ഉയർന്നുവന്ന് നിങ്ങളുടെ മൂന്ന് ആഗ്രഹങ്ങൾ നിറവേറ്റുന്നു. സുനിൽ നരെയ്ൻ ആണ് ഇവിടുത്തെ ഭൂതം. പവർപ്ലേയിൽ ബാറ്റ് ഉപയോഗിച്ച് സംഭാവന നൽകണമെന്നായിരുന്നു ആദ്യത്തെ ആഗ്രഹം, അദ്ദേഹം അത് സാധ്യമാക്കി. രണ്ടാമത്തെ ആഗ്രഹം വരുൺ മികച്ച ഫോമിലല്ലാത്തതിനാൽ മൂന്ന് വിക്കറ്റുകൾ എടുക്കണമെന്നായിരുന്നു, അതും അവൻ സാധിച്ച് കൊടുത്തു ” ചോപ്ര വിശദീകരിച്ചു.

“ഫാഫ് ഡു പ്ലെസിസ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരുടെ വിക്കറ്റുകൾ ഉൾപ്പെടെ മൂന്ന് പ്രധാന വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. അവരുടെ അവസാന ആഗ്രഹം കെ.എൽ. രാഹുലിനെ ഒരു ഡയറക്ട് ഹിറ്റിലൂടെ റണ്ണൗട്ട് ചെയ്യുക എന്നതായിരുന്നു. അതും അവൻ ചെയ്തു. എന്തൊരു കളിക്കാരൻ. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനായിരിക്കാം അദ്ദേഹം. എല്ലാ കാലത്തും അവൻ തിളങ്ങിയിട്ടുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

റഹ്മാനുള്ള ഗുർബാസുമായി (12 പന്തിൽ 26) ചേർന്ന് കെ.കെ.ആറിന് മികച്ച തുടക്കം നൽകിയ നരൈന്റെ സ്വാധീനം കളിയിൽ തുടക്കം മുതൽ നിർണായകമായി.

Read more