IPL 2024: രോഹിത് വയസ്സനായി, ഹാര്‍ദ്ദിക്കിനെ നായകനാക്കിയത് മികച്ച തീരുമാനം; മുംബൈയെ പ്രശംസിച്ച് ഇതിഹാസം

ഐപിഎല്‍ 17ാം സീസണിന് മുന്നോടിയായി രോഹിത് ശര്‍മ്മയെ നായകസ്ഥാത്തു നിന്നും നീക്കി ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ച മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍. എല്ലായ്പ്പോഴും ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ടീമാണ് മുംബൈയെന്നും അതുകൊണ്ടു തന്നെ രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയതില്‍ ഒരു തെറ്റുമില്ലെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

എല്ലായ്പ്പോഴും ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ചാണ് അവര്‍ ആലോചിച്ചത്. രോഹിത് ശര്‍മയ്ക്കു ഇപ്പോള്‍ തന്നെ 36 വയസ്സായി. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്യാപ്റ്റനായതിനാല്‍ തന്നെ വലിയ സമ്മര്‍ദ്ദവും അദ്ദേഹം അഭിമുഖീകരിക്കുകയാണ്. ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്വം കുറച്ചു കൂടി ചെറുപ്പമായ ഹാര്‍ദിക് പാണ്ഡ്യക്കു നല്‍കിയ ശേഷം രോഹിത്തിനു മേലുള്ള ഈ ഭാരം കുറയ്ക്കാനാണ് മുംബൈ ഫ്രാഞ്ചൈസി ശ്രമിച്ചിട്ടുള്ളത്.

ഹാര്‍ദിക് പാണ്ഡ്യക്കു ക്യാപ്റ്റന്‍സി നല്‍കിയത് മുംബൈയ്ക്കു ഗുണം മാത്രമേ ചെയ്യാന്‍ പോവുന്നുള്ളൂ. എല്ലാത്തില്‍ നിന്നും സ്വതന്ത്രനാക്കിയ ശേഷം മുന്‍നിരയില്‍ സ്വയം തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് രോഹിത്തിനു ഇപ്പോള്‍ മുംബൈ നല്‍കിയിരിക്കുന്നത്. ഹാര്‍ദിക്കിനു മൂന്നാം നമ്പറിലോ, അഞ്ചാം നമ്പറിലോ മുംബൈയ്ക്കായി ബാറ്റിംഗിനു ഇറങ്ങാം. 200 പ്ലസ് സ്‌കോര്‍ ചെയ്യാന്‍ ടീമിനെ സഹായിക്കാനും അദ്ദേഹത്തിനാവും- ഗവാസ്‌കര്‍ നിരീക്ഷിച്ചു.

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്തിയ ശേഷമാണ് ഹാര്‍ദ്ദിക് തന്റെ പഴയ തട്ടകത്തില്‍ തിരികെയെത്തിയത്. 2022ല്‍ ജിടി ക്യാപ്റ്റനായുള്ള കന്നി സീസണില്‍ കിരീടം ചൂടിയ അദ്ദേഹം കഴിഞ്ഞ തവണ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു.