ഐപിഎല്‍ 2024: ഇത്തവണത്തെ കിരീടം അവന്‍ അര്‍ഹിക്കുന്നു; പക്ഷം പിടിച്ച് റെയ്‌ന

ഐപിഎല്‍ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാനിരിക്കെ കിരീടം നേടാന്‍ ഏറ്റവുമധികം അര്‍ഹതയുള്ള താരത്തെ ചൂണ്ടിക്കാണിച്ച് മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസവുമായ വിരാട് കോഹ്‌ലിയാണ് ഇത്തവണത്തെ ഐപിഎല്‍ കിരീടം ഏറ്റവും അര്‍ഹിക്കുന്നതെന്ന് റെയ്ന അഭിപ്രായപ്പെട്ടു.

ഐപിഎല്‍ ട്രോഫി കരിയറില്‍ ഒരു തവണയെങ്കിലും നേടാന്‍ ഏറ്റവുമധികം അര്‍ഹതയുള്ള താരമാണ് വിരാട് കോഹ്‌ലി. അവന്‍ ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നു. വര്‍ഷങ്ങളായി ആര്‍സിബിക്കു വേണ്ടി ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ഹൃദയവും ആത്മാവും ആര്‍സിബിക്കു നല്‍കിക്കഴിഞ്ഞയാളാണ് കോഹ്‌ലി. ഇത്തവണ ഐപിഎല്‍ കിരീട വിജയം അദ്ദേഹം അര്‍ഹിക്കുന്നു- റെയ്ന പറഞ്ഞു.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോഹ്‌ലി. പക്ഷെ ക്യാപ്റ്റനായോ, കളിക്കാരനായോ ഒരിക്കല്‍പ്പോലും ഐപിഎല്‍ ട്രോഫി സ്വന്തമാക്കാനുള്ള ഭാഗ്യം കോഹ്‌ലിക്കുണ്ടായില്ല. 2009, 2011, 2016 വര്‍ഷങ്ങളില്‍ ഫൈനലില്‍ വരെ എത്തിയതാണ് ആര്‍സിബിയുടെ മികച്ച പ്രകടനം.

ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമന്‍ കോഹ്‌ലിയാണ്. 237 മല്‍സരങ്ങളില്‍ കളിച്ച താരത്തിന്റെ സമ്പാദ്യം 7263 റണ്‍സാണ്. ഏഴു സെഞ്ച്വറികളും 50 അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും.