IPL 2024: 'ഹാര്‍ദ്ദിക്കിന് അവനെ ഭയം, പേടിച്ച് ബാറ്റിംഗിന് ഇറങ്ങിയില്ല'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്‍ 17ാം സീസണില്‍ ഗുജറാത്തിനെതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ താഴേക്ക് ഇറങ്ങിയതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഓസീസ് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസും തിലക് വര്‍മ്മയ്ക്കും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ നേരിടാന്‍ കഴിയാതെ ബുദ്ധിമുട്ടിയപ്പോള്‍ ടിം ഡേവിഡിനെ തന്നെക്കാള്‍ മുന്നില്‍ അയച്ചത് ഹാര്‍ദ്ദിക്ക് വരുത്തിയ വലിയ മണ്ടത്തരമായാണ് വിലയിരുത്തപ്പെടുന്നത്.

ഹാര്‍ദിക് പാണ്ഡ്യ കാരണം മുംബൈ ഇന്ത്യന്‍സ് തോറ്റു. അവനാണ് ക്യാപ്റ്റന്‍, ടിം ഡേവിഡിനെ തനിക്ക് മുന്നില്‍ അയയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അവന്‍ റാഷിദ് ഖാനെ ഭയപ്പെട്ടിരുന്നുവെന്നും ഒരിക്കലും അവനെ അഭിമുഖീകരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഞാന്‍ കരുതുന്നു. ഒരു ഘട്ടത്തില്‍ എംഐ മുന്നിട്ടുനിന്നിട്ടും അദ്ദേഹത്തിന്റെ പിഴവില്‍ 6 റണ്‍സിന് തോറ്റു- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

എംഐ ഇന്നിംഗ്സിന്റെ 17-ാം ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതിനിടയില്‍ ചാമ്പ്യന്‍ സ്പിന്നറെ നേരിടുന്നതില്‍ നിന്ന് ടിം ഡേവിഡിനെ അകറ്റി നിര്‍ത്താന്‍ തിലക് രണ്ട് തവണ സിംഗിള്‍സ് എടുക്കാന്‍ വിസമ്മതിച്ചതിയും കാണാനായി.

പതിനാറാം ഓവറിലെ അവസാന പന്തില്‍ മോഹിത് ശര്‍മ്മ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കുന്നതിന് മുമ്പ് മുംബൈ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്നു. 38 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 46 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന മൂന്നോവറില്‍ വിക്കറ്റുകളുടെ കുത്തൊഴുക്ക് തുടങ്ങി. ഡേവിഡ് (11), തിലക് വര്‍മ്മ (25), ജെറാള്‍ഡ് കൊറ്റ്സി (1), ഹാര്‍ദിക് പാണ്ഡ്യ (11), പിയൂഷ് ചൗള എന്നിവര്‍ ഏതാനും പന്തുകള്‍ക്കുള്ളില്‍ പുറത്തായതോടെ ഗുജറാത്ത് വിജയിച്ചു.