IPL 2024: ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെ ധോണിയുടേതുമായി താരതമ്യം ചെയ്ത് എബിഡി

മോശം സീസണായിരുന്നിട്ടും മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. ഇന്ത്യന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയുമായിട്ടാണ് ഹാര്‍ദിക്കിനെ എബിഡി താരതമ്യം ചെയ്തത്.

ഹാര്‍ദ്ദിക്കിന്റേത് ഒരു തരത്തില്‍ പറഞ്ഞാല്‍ നെഞ്ച് വിരിച്ച് അവംഭാവത്തോടെ നയിക്കുന്ന ശൈലിയാണ്. ഹാര്‍ദിക് എല്ലായ്പ്പോഴും ഗ്രൗണ്ടില്‍ നടക്കുന്നത് തീര്‍ത്തും കലര്‍പ്പില്ലാത്ത രീതിയിലാണെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ ഇതാണ് തന്റെ ക്യാപ്റ്റന്‍സി ശൈലിയെന്നു അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. ഏറെക്കുറെ എംഎസ് ധോണിയെപ്പോലെ ശാന്തനായാണ് ഹാര്‍ദിക് കാണപ്പെടുന്നത്.

ഗുജറാത്തിന്റേത് യുവനിര ആയതിനാലാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ശൈലി അവിടെ വിജയിച്ചത്. പക്ഷെ മുംബൈ ടീമിലെ അന്തരീക്ഷം തീര്‍ത്തും വ്യത്യസ്തമാണ്. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള താരങ്ങളോടൊപ്പം കളിക്കുമ്പോള്‍ ഹാര്‍ദിക്കിന്റെ ഈയൊരു ശൈലി വിജയിക്കണമെന്നില്ല. കാരണം അവര്‍ അതിനോടു യോജിക്കാനിടയില്ല. പക്ഷെ ജിടിയില്‍ ഹാര്‍ദിക്കിന്റെ ശൈലി വിജയം കണ്ടു. ഈ തരത്തിലുള്ള ക്യാപ്റ്റന്‍സി ചില സമയങ്ങളില്‍ അനുഭവസമ്പത്ത് കുറഞ്ഞ യുവതാരങ്ങള്‍ പിന്തുടരാന്‍ ഇഷ്ടപ്പെടും- എബിഡി പറഞ്ഞു.

2022ലാണ് ജിടി ക്യാപ്റ്റനായി അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയത്. നായകനായുള്ള കന്നി സീസണില്‍ തന്നെ ജിടിയെ ഹാര്‍ദിക് കിരീടം ചൂടിക്കുകയും ചെയ്തു. അടുത്ത സീസണില്‍ ഫൈനലില്‍ ജിടി ചെന്നൈയോട് പരാജയപ്പെട്ടു. ഈ സീസണിന് മുന്നോടിയായി താരം മുംബൈയിലേക്ക് എത്തുകയായിരുന്നു.

Read more