ഈ ഗര്‍വ്വൊക്കെ അങ്ങ് കൈയില്‍ വെച്ചാല്‍ മതി, നിങ്ങളുടെ അധിക്ഷേപം ഏറ്റുവാങ്ങാനല്ല ഞാന്‍ ഇന്ത്യയില്‍ വന്നത്; കോഹ്‌ലിക്കെതിരെ സ്വരം കടുപ്പിച്ച് നവീന്‍ ഉള്‍ ഹഖ്

ഐപിഎലില്‍ ആര്‍സിബി നായകന്‍ വിരാട് കോഹ്‌ലിയുമായി തര്‍ക്കിച്ചതില്‍ വിശദ്ധീകരണവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നവീന്‍ ഉള്‍ ഹഖ്. താന്‍ ഇന്ത്യയില്‍ വന്നത് ഐപിഎല്ലില്‍ കളിക്കാനാണെന്നും ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങേണ്ട ആവശ്യം തനിക്കില്ലെന്നും നവീന്‍ ഉള്‍ ഹഖ് മത്സരത്തിനു ശേഷം സഹതാരങ്ങളോട് പ്രതികരിച്ചു.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്നിംഗ്‌സിനിടെയാണ് ബാറ്റ് ചെയ്യുകയായിരുന്ന നവീനോടും കൂടെ ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയോടും വിരാട് കോഹ്‌ലി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കോഹ്‌ലിക്ക് മറുടിയുമായി അമിത് മിശ്ര എത്തിയപ്പോള്‍ അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

പിന്നീട് മത്സര ശേഷം നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോഹ്‌ലി രോഷാകുലനായി പ്രതികരിച്ചു. ഇതിന് നവീന്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. നവീനിന്റെ ഭാഗത്തു നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു കോഹ്‌ലി ദേഷ്യപ്പടുന്നതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു.

അതോടെ അത്രയും സമയം കോഹ്‌ലിയുടെ കൈയില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടെന്ന് കൈ എടുത്തുമാറ്റി. അതിനുശേഷം ലഖ്‌നൗ താരം കെയ്ല്‍ മയേഴ്‌സ് കോഹ്‌ലിയുമായി സംസാരിക്കുന്നതിനിടെ ലഖ്‌നൗ ടീം മെന്ററായ ഗൗതം ഗംഭീര്‍ കോലിക്ക് അടുത്തെത്തി മയേഴ്‌സിനെ കൂട്ടിക്കൊണ്ടുപോയി. ഇതിന് ശേഷം കോഹ്‌ലിയും ഗംഭീറും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയും ചെയ്തു.

ഈ നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിരാട് കോഹ്‌ലി, ഗൗതം ഗംഭീര്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ക്ക് ഐപിഎല്‍ ഭരണസമിതി പിഴ ശിക്ഷ വിധിച്ചു. കോഹ്ലിക്കും ഗംഭീറിനും മാച്ച് ഫീസിന്റെ 100 ശതമാനം പിഴയും നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവുമാണ് പിഴ വിധിച്ചത്.