അവന്‍ പ്രതിഭ, ഇന്ത്യയ്ക്കായി നൂറ് ടെസ്റ്റെങ്കിലും കളിക്കും; വമ്പന്‍ പ്രവചനവുമായി പോണ്ടിംഗ്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സൂപ്പര്‍ ഓപ്പണര്‍ പൃഥ്വി ഷായെ വാനോളം പ്രശംസിച്ച് ടീം പരിശീലകനും ഓസീസ് മുന്‍ നായകനുമായ റിക്കി പോണ്ടിംഗ്. വലിയ പ്രതിഭയാണെന്ന് പൃഥ്വി എന്നും ഇന്ത്യയ്ക്കായി 100 ടെസ്റ്റെങ്കിലും അവന്‍ കളിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.

‘പൃഥ്വിയുടെ പ്രകടനം നോക്കുക. എത്രത്തോളം പ്രതിഭയാണ് അവനെന്ന് മനസിലാവും. ഇന്ത്യക്കായി 100 ടെസ്റ്റെങ്കിലും കളിക്കാന്‍ സാധിക്കുന്ന താരമായാണ് അവനെ ഞാന്‍ കാണുന്നത്. മുംബൈ ഇന്ത്യന്‍സിലുള്ളപ്പോള്‍ ചെയ്തത് തന്നെയാണ് ഡല്‍ഹിയിലും ഞാന്‍ ചെയ്യുന്നത്. ‘

‘ഞാന്‍ മുംബൈ ഇന്ത്യന്‍സിലുള്ളപ്പോള്‍ രോഹിത് ശര്‍മ വളരെ ചെറുപ്പമായിരുന്നു. ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയുമൊന്നും അന്ന് ടീമിലേക്കെത്തിയിട്ടില്ല. അന്ന് ഞാന്‍ പരിശീലിപ്പിച്ച പല താരങ്ങളും പിന്നീട് ഇന്ത്യന്‍ ടീമിലെ സജീവ താരങ്ങളായി മാറി. അത് തന്നെയാണ് ഡല്‍ഹിയിലും ഞാന്‍ ചെയ്യുന്നത്’ പോണ്ടിംഗ് പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലൂടെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി സെഞ്ച്വറിയോടെയാണ് വരവറിയിച്ചത്. എന്നാല്‍ ഫിറ്റ്നസ് പ്രശ്നങ്ങളെത്തുടര്‍ന്ന് നിലവില്‍ താരം ഇന്ത്യന്‍ ടീമിന് പുറത്താണ്. 22കാരനായ താരം ഇന്ത്യക്കായി അഞ്ച് ടെസ്റ്റില്‍ നിന്ന് 339 റണ്‍സ് നേടിയിട്ടുണ്ട്.