നാണക്കേടിന്റെ റെക്കോഡില്‍ നിന്ന് ശ്രീശാന്തിനെ താഴെയിറക്കി ലോക ഒന്നാം നമ്പര്‍ ബോളര്‍!

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായി ചൊവ്വാഴ്ച ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡ് കൈക്കലാക്കി ജസ്പ്രീത് ബുംറ. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ നോബോള്‍ എറിഞ്ഞ താരമെന്ന നാണക്കേടാണ് ബുംറ തലയില്‍ കയറ്റിയിരിക്കുന്നത്. മലയാളി താരം എസ്.ശ്രീശാന്തിന്റെ പേരിലുണ്ടായിരുന്ന നാണക്കേടിന്റെ ഭാരമാണ് ബുംറ ഏറ്റുവാങ്ങിയിരിക്കുന്നത്.

ഇന്നലത്തെ മത്സരത്തില്‍ രണ്ട് നോബോളുകളാണ് ബുംറ എറിഞ്ഞത്. ഇതോടെ ടൂര്‍ണമെന്റിലെ ബുംറയുടെ നോബോളുകളുടെ എണ്ണം 25 ആയി. 23 നോബോളുകളാണ് ശ്രീശാന്തിന്റെ പേരിലുള്ളത്. 21 വീതം നോബോളുകളുമായി അമിത് മിശ്രയും ഇഷാന്ത് ശര്‍മ്മയും മൂന്നാം സ്ഥാനം പങ്കിടുന്നു.

മുംബൈയ്ക്ക് ഏറെ നിര്‍ണായകമായിരുന്ന ഓവറിലായിരുന്നു ബുംറയുടെ രണ്ട് നോബോളും പിറന്നത്. മത്സരത്തില്‍ നാലോവറില്‍ 32 റണ്‍സ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. സീസണില്‍ ഹാട്രിക് ജയം ലക്ഷ്യം വെച്ചിറങ്ങിയ മുംബൈ ആറ് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു. 42 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 45 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.