താരങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാം; സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ

ഐ.പി.എല്‍ 14ാം സീസണ്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചതോടെ താരങ്ങള്‍ ബയോബബിള്‍ വിട്ട് വീടുകളിലേക്ക്. സീസണുമായി സഹകരിച്ച എല്ലാവരെയും നാടുകളിലേക്ക് ഏറ്റവും സുരക്ഷിതമായി മടക്കിയെത്തിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

താരങ്ങള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റുമായി സഹകരിച്ചിരുന്ന എല്ലാവരും നാടുകളിലേക്ക് മടങ്ങി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കൂ എന്ന് ബി.സി.സി.ഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ തന്നെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മടക്കമാവും ബി.സി.സി.ഐയുടെ മുന്നിലുള്ള വലിയ വെല്ലുവിളി.

കളിക്കാര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കുമിടയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് നിര്‍ത്തിയത്. കൊല്‍ക്കത്ത, ചെന്നൈ ടീമുകള്‍ക്ക് പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി കാപ്പിറ്റല്‍സ് ക്യാമ്പുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.