ബംഗളൂരുവിന്റെ പുതിയ നീക്കം, പൊട്ടിത്തെറിച്ച് കോഹ്ലി

ഐപിഎല്ലിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ ദിവസം നടത്തിയ അസാധാരണ നീക്കത്തിന്റെ പൊരുളറിയാനുളള നെട്ടോട്ടത്തിലാണ് ക്രിക്കറ്റ് ലോകം. ട്വിറ്റര്‍ അക്കൗണ്ടിലെ തങ്ങളുടെ ഡിസ്പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റുകയും, റോയല്‍ ചലഞ്ചേഴ്സ് എന്ന് മാത്രമായി പേര് ചുരുക്കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും ഇതേ മാറ്റം തന്നെ വരുത്തി. ഇതാണ് പരക്കെ എല്ലാവരും അമ്പരന്നത്.

എന്നാല്‍ ക്ലബിന്റെ ഇത്തരം നീക്കങ്ങള്‍ ടീം നായകന്‍ വിരാട് കോഹ്ലി പോലും അറിഞ്ഞില്ലെനനാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും കോഹ്ലി അറിഞ്ഞിരുന്നില്ലെന്ന് താരം തന്നെ പരസ്യമായി സമ്മതിച്ചുകഴിഞ്ഞു.

ക്ലബിന്റെ സാമൂഹിക മാധ്യമങ്ങളിലെ മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍ അപ്രത്യക്ഷമായതിന് പിന്നാലെയാണ് കോഹ്ലി ഇക്കാര്യം സൂചിപ്പിച്ച് ട്വീറ്റ് പോസ്റ്റ് ചെയ്തത്.

‘പോസ്റ്റുകള്‍ അപ്രത്യക്ഷമായിരിക്കുന്നു, ക്യാപ്റ്റനെ ഒന്നും അറിയിക്കുന്നില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ അറിയിക്കണം’- കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.

അതെസമയം 13ാം ഐപിഎല്‍ സീസണിന് മുന്‍പായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ലോഗോയും, പുതിയ പേരും റോയല്‍ ചലഞ്ചേഴ്സ് പ്രഖ്യാപിക്കാന്‍ പോവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.