ഇനി ആ വമ്പനടികൾ ഇല്ല, എതിരാളികളെ നിലംപരിശാകുന്ന ബാറ്റിംഗ് പ്രകടനങ്ങൾ ഇല്ല, ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ്മ പടിയിറങ്ങി. 2013 ഇൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച താരം ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചാണ് വെള്ള കുപ്പായത്തോട് വിട പറയുന്നത്. ഓസ്‌ട്രേലിയക്കെതിരെ കളിച്ച അവസാന ബോർഡർ ഗവാസ്കർ ട്രോഫിയിൽ മോശമായ പ്രകടനം കാഴ്ച വെച്ച രോഹിത്തിനെതിരെ പല മുൻ താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഈ വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റിനു കിട്ടിയ വമ്പൻ തിരിച്ചടിയാണ്.
67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 116 ഇന്നിങ്‌സുകളിൽ അദ്ദേഹം 4301 റൺസും അതിൽ നിന്നായി 12 സെഞ്ചുറികളും 18 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. താരത്തിന്റെ അഭാവം ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റിനെ വളരെ മോശമായി ബാധിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. സമൂഹ മാധ്യമങ്ങൾ വഴിയാണ് രോഹിത് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.
” ഞാൻ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നു. വൈറ്റ്സിൽ നമ്മുടെ രാജ്യത്തിനെ റെപ്രെസന്റ് ചെയ്യാൻ സാധിച്ചത് ഒരു ആദരവായി ആയി ഞാൻ കാണുന്നു. ഇത്രയും വർഷങ്ങൾ എല്ലാവരും എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാൻ ഓഡിഐ ഫോർമാറ്റിൽ ഇന്ത്യക്ക് വേണ്ടി തുടരും” രോഹിത് ശർമ്മ പറഞ്ഞു.
2021 ലും 2023 ലും നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലുകളിൽ ഇന്ത്യയെ നയിച്ചത് രോഹിത് ശർമ്മയായിരുന്നു. ഫൈനലിൽ ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും അവസാന നിമിഷം കാലിടറി വീഴുകയായിരുന്നു.