ഇന്ത്യന്‍ താരങ്ങളെ കൊല്ലുമെന്ന്, പാക് ക്രിക്കറ്റ് ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കി തീവ്രവാദികള്‍

വെസ്റ്റിന്‍ഡീസ് പര്യടനത്തിലായിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഓദ്യോഗിക മെയിലിലേയ്ക്കാണ് ഇന്ത്യന്‍ ടീമിനെതിരെ ആക്രമണത്തിന് ഒരുങ്ങുകയാണെന്ന സന്ദേശം എത്തിയത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉടന്‍ തന്നെ ഇത് ഐസിസിക്ക് ഫോര്‍വേഡ് ചെയ്തു. സന്ദേഷത്തിന്റെ പകര്‍പ്പ് ബിസിസിഐയ്ക്കും ലഭിച്ചിട്ടുണ്ട്. പേരു വെളിപ്പെടുത്താത്ത ഭീഷണി സന്ദേഷമാണ് ലഭിച്ചിരിക്കുന്നത്.

സംഭവം അതീവ ഗൗരവമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളുമായി ബിസിസിഐ അധികൃതര്‍ സംസാരിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ടീം ഉള്ള ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയുമായും ഇക്കാര്യം ചര്‍ച്ചചെയ്തതായും ടീമിന്റെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇ മെയില്‍ സന്ദേശത്തില്‍ ഏതെങ്കിലും തീവ്രവാദ സംഘടനയുടെ പേര് ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിനെതിരെ ആക്രമണമുണ്ടാകും എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ആഗസ്റ്റ് 16 നാണ് സന്ദേശം പാക് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്നത്. ഇക്കാര്യങ്ങള്‍ ബിസിസിഐ അധികൃതര്‍ സ്ഥിരീകരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ട്വന്റി-20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. വ്യാഴാഴ്ചയാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഇതിന് മുന്നോടിയായി പരിശീലന മല്‍സരങ്ങള്‍ കളിക്കുന്ന തിരക്കിലാണ് താരങ്ങള്‍. രണ്ട് മല്‍സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ക്കും തുടക്കമാകുന്നത്.