ആര്‍മി തൊപ്പിയും ഉസ്മാന്‍ ഖ്വാജയും, ഇത് പാക് ‘സര്‍ജിക്കല്‍ സ്‌ട്രൈക്കോ’?

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര കൈവിട്ടത് ഇന്ത്യയെ സംബന്ധിച്ച് അവിശ്വസനീയമാണ്. അവരുടെ നാട്ടില്‍ ഓസ്‌ട്രേലിയയെ തൂത്തെറിഞ്ഞ ടീം ഇന്ത്യയ്ക്ക് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇങ്ങിനെയൊരു പരമ്പര തോല്‍വി ഒരാള്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആദ്യ രണ്ട് ഏകദിനവും സാമാന്യം നല്ല നിലയില്‍ ജയിച്ച ശേഷമാണ് ഇന്ത്യ അത്ഭുതകരമായി പരമ്പര കൈവിട്ടത്.

റാഞ്ചിയില്‍ ആര്‍മി തൊപ്പിയിട്ട് ഇന്ത്യ ഇറങ്ങിയ മത്സരം മുതലാണ് കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ തുടങ്ങിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുളള ആദരസൂചകമായിട്ടാണ് റാഞ്ചിയില്‍ ഇന്ത്യ ആര്‍മി ക്യാപ്പ് അണിഞ്ഞത്.

ഫെബ്രുവരി 14ന് നടന്ന സൈനിക ആക്രമണത്തിന് ശേഷം ഇന്ത്യ അപ്പോഴേക്കും രണ്ട് ടി20യും രണ്ട് ഏകദിനവും കളിച്ച് കഴിഞ്ഞിരുന്നു. അപ്പോഴൊന്നും തോന്നാത്ത സൈനികരോടുളള ആദരവ് റാഞ്ചിയിലെ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യ പ്രകടിപ്പിച്ചതിന് പിന്നില്‍ അമിത ദേശീയത ഉത്പാദിപ്പിക്കാനുളള രാഷ്ട്രീയ തീരുമാനമാണെന്ന് ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ ആ മത്സരം മുതല്‍ ടീം ഇന്ത്യയ്ക്ക് ശനിദശയാണ്. പിന്നീട് പരമ്പരയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായില്ലെന്ന് മാത്രമല്ല ഇന്ത്യയില്‍ വന്ന് ഓസ്‌ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനായി എന്ന നാണക്കേടിനും കോഹ്ലി ടീം ഇരയായി. അതിന് പ്രധാനകാരണം ഓസ്‌ട്രേലിയയുടെ പാക് വംശജനായ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെ പ്രകടനമായിരുന്നു.

റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖ്വാജ (104) മൊഹിലിയില്‍ 91 റണ്‍സും എടുത്തു. നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ വീണ്ടും സെഞ്ച്വറി നേടി (100) ഓസീസ് പരമ്പര വിജയത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഇതോടെ കളിയിലെ താരവും പരമ്പരയിലെ താരവുമായി ഈ പാക് വംശജന്‍ മാറി.

പാകിസ്ഥാനില്‍ ഇപ്പോള്‍ ദേശീയ ഹീറോയാണ് ഉസ്മാന്‍ ഖ്വാജ. മത്സരശേഷം ഖ്വാജയെ പ്രശംസിച്ച് പാക് സൈനിക നേതൃത്വം തന്നെ രംഗത്ത് വന്നു കഴിഞ്ഞു.