‘പൂണെ’ ടീം ഇന്ത്യയെ വേട്ടയാടുമോ?, കോഹ്ലി സമ്മര്‍ദ്ദത്തില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കളിക്കുക അതിസമ്മര്‍ദ്ദത്തില്‍. സ്വന്തം നാട്ടില്‍ അജയ്യരായ ടീം ഇന്ത്യയെ ‘ചതിച്ചിട്ടുളള’ ഏക പിച്ചാണ് പൂണെയിലേത്. വിരാട് കോഹ്ലി നായകനായ ശേഷം സ്വന്തം നാട്ടില്‍ ഏക തോല്‍വി വഴങ്ങിയത് പൂണെയിലാണ്.

2013-നു ശേഷം കോഹ്ലിയ്ക്ക് കീഴില്‍ 30 ടെസ്റ്റുകളാണ് ഇന്ത്യ നാട്ടില്‍ കളിച്ചത്. ഇവയില്‍ 24-ലും ജയിച്ച ഇന്ത്യ അഞ്ചെണ്ണത്തില്‍ സമനില വഴങ്ങിയിരുന്നു. ഒന്നില്‍ മാത്രമാമാണ് ടീമിനു പരാജയം നേരിടേണ്ടി വന്നത്. അത് പൂണെയില്‍ ഓസ്‌ട്രേലിയക്കെതിരേ ആയിരുന്നു.

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ കരുത്തിലാണ് ഓസ്ട്രേലിയ പൂണെയില്‍ ഇന്ത്യയെ അട്ടിമറിച്ചത്. സ്മിത്തിന്റെയും ബൗളര്‍ സ്റ്റീവ് ഒകീഫെയുടെയും തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ തകര്‍ക്കുകയായിരുന്നു. രണ്ടാമിന്നിംഗ്സില്‍ സ്മിത്ത് സെഞ്ച്വറിയുമായി കസറിയപ്പോള്‍ 441 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്കു മുന്നില്‍ വച്ചത്. 35 റണ്‍സിന് ആറു വിക്കറ്റ് കൊയ്ത് ഒകീഫെ കത്തിക്കയറിയപ്പോള്‍ ഇന്ത്യ പരാജയത്തിലേക്കു വീഴുകയായിരുന്നു. രണ്ടിന്നിംഗ്സുകളിലായി അന്നു 12 വിക്കറ്റുകളാണ് ഒകീഫെ വീഴ്ത്തിയത്.

ഓസീസിന്റെ അന്നത്തെ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാവും ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ഇറങ്ങുക. ഇന്ത്യയെ തോല്‍പിക്കണമെങ്കില്‍ പൂണെ ടെസ്റ്റിലേ സാധ്യമാകൂ എന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നന്നായി അറിയാം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പേസ് ബൗളര്‍മാരെ പലപ്പോഴും പിന്തുണയ്ക്കുന്ന പിച്ചുകളില്‍ ഒന്നാണ് പൂണേയിലേത്.