'അവരെ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടും'; ജേതാക്കളെ പ്രവചിച്ച് ഗവാസ്‌കര്‍

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വിജയികളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സതാംപ്ടണില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളാവുമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

“ഇരുടീമുകളും വളരെ സന്തുലിതരാണ്. ഫൈലിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ രണ്ടു ടെസ്റ്റുകള്‍ കളിച്ചതു കൊണ്ട് ന്യൂസിലാന്‍ഡിനാണ് മുന്‍തൂക്കമെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ ഇന്ത്യ ഒരു മാസം പുറത്തിരുന്നതിനാല്‍ കളിക്കാരെല്ലാം ഫ്രഷായിട്ടാണ് ഇരിക്കുന്നത്. ന്യൂസിലാന്‍ഡിനേക്കാള്‍ ബാറ്റിംഗിലും ബോളിംഗിലും കൂടുതല്‍ സ്വാധീനമുണ്ടാക്കാനുള്ള താരങ്ങളുള്ളത് ഇന്ത്യന്‍ ടീമിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യ ജയിക്കുകയും വേണം.”

“ഇതു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനും ഇന്ത്യമായുള്ള ഫൈനലിനുമിടയില്‍ മൂന്നു ദിവസത്തെ ഇടവേളയാണ് ന്യൂസിലാന്‍ഡിനു കിട്ടിയത്. അവരുടെ ചില പ്രായം കൂടിയ താരങ്ങള്‍ക്കു ശാരീരികയമായ ബുദ്ധിമിട്ടുകള്‍ സൃഷ്ടിച്ചേക്കും. ഇത് ഫൈനലില്‍ അവരുടെ പ്രകടനത്തെയും ബാധിക്കാനിടയുണ്ട്” ഗവാസ്‌കര്‍ വിലയിരുത്തി.

Read more

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.