ആംഗിളുകള്‍ അളന്നു തൂക്കിയടിക്കുന്ന സൂര്യയിലൂടെയാണ് ഇന്ത്യ അതിന് ബദല്‍ കണ്ടെത്തുന്നത്!

”നമ്മെ ഭയപ്പെടുത്തുന്ന ശക്തിയാണ് ഇയാളുടേത്..!”സൂര്യകുമാര്‍ യാദവിനെ കുറിച്ച് മാത്യു ഹെയ്ഡന്‍ പറഞ്ഞ അഭിപ്രായമാണിത്. ശക്തരില്‍ ശക്തനായിരുന്ന ഹെയ്ഡന്‍ ഇപ്രകാരം പ്രശംസിക്കണമെങ്കില്‍ സൂര്യ അസാധാരണമായ കരുത്ത് പ്രകടിപ്പിക്കുന്നുണ്ടാവണം.

ഡാനിയേല്‍ സാംസിനെ സൂര്യ കവറിനുമുകളിലൂടെ പടുകൂറ്റന്‍ സിക്‌സര്‍ പറത്തുന്നത് കണ്ടപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു-ഒരു ഷോര്‍ട്ട്‌ബോളില്‍ അത്തരമൊരു ഷോട്ട് സൂര്യ എങ്ങനെ സൃഷ്ടിച്ചെടുത്തു!? ആദം സാമ്പയ്‌ക്കെതിരെ സൂര്യ ക്രീസില്‍നിന്ന് ചാടിയിറങ്ങിയപ്പോള്‍ ഒരു സര്‍പ്രൈസ് ഫുള്‍ടോസാണ് വന്നത്. സൂര്യ വെറുതെ ഒന്ന് ഫ്‌ളിക് ചെയ്തു. പക്ഷേ പന്ത് ലോങ്ങ്-ഓണിലൂടെ അദൃശ്യമായി! ഞാന്‍ അത്ഭുതപ്പെട്ടു. ആ കൈക്കുഴകള്‍ ഇത്രമാത്രം പവര്‍ എങ്ങനെയാണ് ജനറേറ്റ് ചെയ്യുന്നത്!

അവിശ്വസനീയമായ ഹിറ്റിംഗ് എബിളിറ്റിയ്‌ക്കൊപ്പം അപാരമായ മനഃസ്സാന്നിദ്ധ്യം കൂടി ചേരുന്ന അപൂര്‍വ്വതയാണ് സൂര്യ. ഡക്ക് ആയാലും 29 പന്തില്‍ ഫിഫ്റ്റി അടിച്ചാലും ചിരിക്കുന്ന മനുഷ്യന്‍! ടി-20 ക്രിക്കറ്റ് മാറുകയാണ്. ഓസീസ് ടിം ഡേവിഡ് എന്ന രത്‌നത്തെ സിംഗപ്പൂരില്‍നിന്ന് ഇറക്കുമതി ചെയ്തത് അതിന്റെ ഭാഗമായിട്ടാണ്. ആംഗിളുകള്‍ അളന്നുതൂക്കിയടിക്കുന്ന സൂര്യയിലൂടെയാണ് ഇന്ത്യ അതിന് ബദല്‍ കണ്ടെത്തുന്നത്!

മാസ്റ്റര്‍ ബാറ്ററായ വിരാട് കോഹ്ലി തിരിച്ചെത്തിയിരിക്കുന്നു എന്ന് ഉറപ്പിച്ചുപറയാം. സാമ്പയുടെ ബോളിങ് ഫിഗര്‍ കുളമാക്കിയതില്‍ വിരാട് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. സാമ്പയ്‌ക്കെതിരെ നടത്തിയ ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന് വിരാട് മത്സരശേഷം വെളിപ്പെടുത്തിയിരുന്നു. ഈ പോരാളിയെ ആണ് കഴിഞ്ഞ മൂന്ന് വര്‍ഷം മിസ് ചെയ്തത്.

ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ വിരാട് ഫോറുകള്‍ക്ക് ശ്രമിക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍ കമന്ററി ബോക്‌സിലൂടെ പറഞ്ഞിരുന്നു. അതിനുപിന്നാലെ വിരാട് ഹെയ്‌സല്‍വുഡിനെ പുള്‍ ചെയ്ത് സിക്‌സറടിച്ചു! കാഴ്ച്ചക്കാരുടെ സംശയങ്ങളെ സ്‌പോട്ടില്‍ വെച്ച് തകര്‍ത്തുകളയുന്ന ചാമ്പ്യന്‍ വിരാടിനെ വീണ്ടും കണ്ടു!

ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി മടങ്ങിയ വിരാടിനെ അഭിനന്ദിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ ആലിംഗനം ഒരായിരം വാക്കുകള്‍ സംസാരിച്ചിരുന്നു…!

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍