ആറ് വര്‍ഷത്തെ കാത്തിരിപ്പിന് രോഹിത്തിലൂടെ അവസാനം, ഇന്ത്യ വീണ്ടും തലപ്പത്ത്

വിന്‍ഡീസിനെതിരായ പരമ്പര ജയത്തോടെ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇംഗ്ലണ്ടിനെ മറികടന്നാണ് ആറ് വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും പട്ടികയില്‍ തലപ്പെത്ത് എത്തിയിരിക്കുന്നത്. ഇതിന് മുമ്പ് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി കീഴില്‍ 2016 മെയ് മൂന്നിനാണ് ഇന്ത്യ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയത്.

നിലവില്‍ 39 മത്സരത്തില്‍ നിന്ന് 10,484 പോയിന്റോണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 39 മത്സരത്തില്‍ നിന്ന് 10,474 പോയിന്റുണ്ട്. രണ്ട് ടീമിന്റെയും റേറ്റിംഗ് 269 ആണ്. പാകിസ്ഥാന്‍, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ17 റണ്‍സിനാണ് ജയിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 185 റണ്‍സിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകര്‍ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര ഈ മാസം 24ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഈ പരമ്പരയിലും വൈറ്റ് വാഷ് നേടാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിക്കാം.