മാന്‍ ഓഫ് ദ മാച്ച് കേരള താരത്തിന്, ടീം ഇന്ത്യ അവഗണിക്കുന്നത് എന്തുകൊണ്ട്?

ദക്ഷിണാഫ്രിക്ക എയെ ഇന്ത്യന്‍ എ ടീം തകര്‍ത്തപ്പോള്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു കേരള താരം. അത് മറ്റാരുമല്ല കേരളത്തിന്റെ അതിഥി താരമായെത്തി രഞ്ജിയില്‍ കേരളത്തിനെ ഫൈനല്‍ വരെയെത്തിച്ച ജലജ് സക്‌സേനയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ പുറത്താകാതെ 61 റണ്‍സും രണ്ട് വിക്കറ്റും സ്വന്തമാക്കിയതോടെയാണ് ജലജ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 48 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.

ഇതോടെ ഏറെ നാളായി ടീം ഇന്ത്യയുടെ പടിവാതിലില്‍ നില്‍ക്കുന്ന സക്‌സേനയ്ക്ക് ഒരു അവസരം നല്‍കണമെന്ന മുറവിളി ആരാധകര്‍ക്കിടയില്‍ ശക്തമായി മുഴങ്ങുകയാണ്. ടെസ്റ്റില്‍ പല താരങ്ങളേയും പരീക്ഷിക്കാന്‍ ടീം ഇന്ത്യ തീരുമാനിക്കുമ്പോള്‍ ഇതുവരെ സക്‌സേനയുടെ പേര് ഉയര്‍ന്നു വരാത്തതെന്തെന്നും ഒരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും തികച്ചിട്ടുളള താരമാണ് സക്‌സേന. ഈ നേട്ടം സ്വന്തമാക്കുന്ന പത്തൊമ്പതാമത്തെ താരമാണ് സക്‌സേന. എന്നാല്‍ ഈ പത്തൊമ്പതു പേരില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടാത്ത ഹതഭാഗ്യവാനാണ് കേരള താരം. ഈ നൂറ്റാണ്ടില്‍ ഈ നേട്ടം കൈവരിച്ച രണ്ടു പേരാണ് സക്‌സേനയെ കൂടാതെയുള്ളത്.

ആറായിരും റണ്‍സും 300 വിക്കറ്റും സ്വന്തമാക്കിയവരില്‍ സക്‌സേന ഒഴികെയുള്ളവരെല്ലാം ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. 2016-17 സീസണിലാണ് സക്‌സേന കേരളത്തിനുവേണ്ടി കളിക്കാന്‍ തുടങ്ങിയത്. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ സെഞ്ച്വറിയും എട്ട് വിക്കറ്റും നേടിയ ഏക ഇന്ത്യന്‍ ക്രിക്കറ്ററും സക്‌സേനയാണ്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്ക് കളിച്ചിട്ടുള്ള സക്‌സേന ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്.