ഒന്നാംകിട ടീമില്‍ കണ്ണുവെച്ച് അഞ്ച് താരങ്ങളെ അണിനിരത്താന്‍ ലക്ഷ്മണ്‍; മുതിര്‍ന്ന താരങ്ങള്‍ക്ക് ഞെട്ടല്‍

ഐസിസി 2024 ലോകകപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ കണ്ണുവെച്ച് അഞ്ച് ക്രിക്കറ്റ് താരങ്ങളെ അണിനിരത്താന്‍ ഒരുങ്ങി പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍. വാഷിംഗ്ടണ്‍ സുന്ദര്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ലക്ഷ്മണ്‍ അണിനിരത്തുന്നത്. രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ക്ക് പകരക്കാരനായി ഈ അഞ്ച് താരങ്ങള്‍ 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് വിലയിരുത്തല്‍.

2022ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ നിന്ന് ഇന്ത്യയുടെ ദയനീയമായ പുറത്താകല്‍ വന്‍നിരാശയായിരുന്നു സമ്മാനിച്ചത്. അടുത്ത ടി20 ലോകകപ്പിന് രണ്ട് വര്‍ഷം ശേഷിക്കുമ്പോള്‍, ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള പരമ്പരയില്‍ ഇന്ത്യയെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാനുള്ള തുടക്ക ഭാരമാണ് വിവിഎസ് ലക്ഷ്മണ്‍ ഏറ്റെടുത്തിരിക്കുന്നത്.

പുതിയ ചുവടുവെപ്പിന്റെ തുടക്കം ബിസിസിഐ തലപ്പത്തേന്ന് തന്നെ തുടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ രണ്ട് വ്യത്യസ്ത ക്യാപ്റ്റന്മാരെ നിയോഗിക്കാന്‍ ആലോചിക്കുന്നു. ജനുവരില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പര മുതല്‍ ഈ മാറ്റം കൊണ്ടുവരാനാണ് ആലോചന. ഇതനുസരിച്ച് രോഹിത് ശര്‍മ്മയ്ക്ക് ടി20 നായകസ്ഥാനം നഷ്ടമാകും. പകരം സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 നായക സ്ഥാനം ഏറ്റെടുക്കും.

ടി20ക്കും ഏകദിനത്തിനായി പ്രത്യേക ക്യാപ്റ്റന്മാരെ നിയമിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നു. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ക്ക് ടി20യ്ക്ക് പുതിയ സമീപനവും അതേ സമയം സ്ഥിരതയും ആവശ്യമാണ്. ജനുവരി മുതല്‍ പുതിയ പ്ലാന്‍ പ്രാബല്യത്തില്‍ വരുമെന്നും ഒരു ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചു.