'രോഗില്ലിന്റെ' 'ഇരട്ട' സെഞ്ച്വറി കരുത്തില്‍ ഇന്ത്യ; കിവീസിന് കൂറ്റന്‍ വിജയലക്ഷ്യം

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 386 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു. സെഞ്ചറി നേടിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (85 പന്തില്‍ 101)യുടെയും, ശുഭ്മന്‍ ഗില്ലി(78 പന്തില്‍ 112)ന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

83 പന്തുകളില്‍നിന്നാണ് രോഹിത് ഏകദിന കരിയറിലെ 30ാം സെഞ്ചറി നേട്ടം സ്വന്തമാക്കിയത്. ഒന്‍പതു ഫോറുകളുടെയും ആറ് സിക്‌സറുകളുടെയും അകമ്പടിയിലായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്. ഗില്‍ 72 പന്തുകളില്‍നിന്ന് സെഞ്ചറിയിലെത്തി. 13 ഫോറും, നാല് സിക്‌സുമാണ് ഗില്‍ അടിച്ചു കൂട്ടിയത്. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. 212 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിത്-ഗില്‍ സഖ്യം തീര്‍ത്തത്.

ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ അര്‍ദ്ധ സെഞ്ച്വറി നേടി. 38 ബോളുകള്‍ നേരിട്ട ഹാര്‍ദ്ദിക് മൂന്ന് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടില്‍ 54 റണ്‍സെടുത്തു. വിരാട് കോഹ്‌ലി 27 ബോളില്‍ 36, ഇഷാന്‍ കിഷന്‍ 24 ബോളില്‍ 17, സൂര്യകുമാര്‍ യാദവ് 9 ബോളില്‍ 14, വാഷിംഗ്ടണ്‍ സുന്ദര്‍ 14 ബോളില്‍ 9, ശര്‍ദുല്‍ താക്കൂര്‍ 17 ബോളില്‍ 25 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

കിവീസിനായി ബ്ലെയര്‍ ടിക്‌നര്‍, ജേക്കബ് ഡഫി എന്നിവര്‍ മൂന്ന് വിക്കറ്റു വീതം വീഴ്ത്തി. മൈക്കല്‍ ബ്രേസ്വെല്‍ ഒരു വിക്കറ്റും വീഴ്ത്തി.